മലപ്പുറം: കഴിഞ്ഞ ദിവസം കുറ്റിപ്പുറത്ത് അപകടത്തില്‍പ്പെട്ട സ്വകാര്യബസ് സഞ്ചരിച്ചത് 130 കിലോമീറ്റര്‍ വേഗത്തിലെന്ന് കണ്ടെത്തല്‍. അപകടത്തെക്കുറിച്ച് അന്വേഷിക്കാന്‍ പൊലീസ് രൂപവത്കരിച്ച നാറ്റ്പാക്, എന്‍എച്ച്എഐ, മോട്ടോര്‍വാഹന വിഭാഗങ്ങളിലെ ഉദ്യോഗസ്ഥരെ ഉള്‍പ്പെടുത്തിയുള്ള പ്രത്യേക അന്വേഷണസംഘം ചൊവ്വാഴ്ച നടത്തിയ പരിശോധനയിലാണ് ബസിന്റെ വേഗം സംബന്ധിച്ച ഡിജിറ്റല്‍ തെളിവുകള്‍ ലഭിച്ചത്.
ആറുവരിപ്പാതയിലെ നിരീക്ഷണക്യാമറകളുടെ കുറ്റിപ്പുറത്തുള്ള കണ്‍ട്രോള്‍ റൂമില്‍നിന്നാണ് അന്വേഷണസംഘം ഡിജിറ്റല്‍ തെളിവുകള്‍ ശേഖരിച്ചത്. ആറുവരിപ്പാതയിലെ സര്‍വീസ് റോഡുകളുടെ പ്രവേശനഭാഗങ്ങളിലും പുറത്തേക്ക് പോകുന്ന ഭാഗങ്ങളിലും വലിയ വാഹനങ്ങള്‍ക്ക് അനുവദിച്ച വേഗം 50 കിലോമീറ്ററാണ്. അപകടം നടന്ന അത്താണി ബസാര്‍ സര്‍വീസ് റോഡിന്റെ സമീപം എത്തുന്നതിനുമുന്‍പ് ബസിന്റെ വേഗം 130 കിലോമീറ്റര്‍ ആയിരുന്നുവെന്നാണ് കണ്ടെത്തല്‍.

ആറുവരിപ്പാതയില്‍ വലിയ വാഹനങ്ങള്‍ക്ക് അനുവദിക്കപ്പെട്ട പരമാവധി വേഗം 80 കിലോമീറ്ററാണ്. അമിതവേഗവും അപകടം നടക്കുന്ന സമയത്ത് മഴ പെയ്തിരുന്നതിനാല്‍ ബസിന്റെ ടയറും റോഡും തമ്മില്‍ വേണ്ടത്ര ബന്ധിക്കപ്പെടാതിരുന്നതുമാണ് അപകടകാരണമെന്നാണ് അന്വേഷണസംഘത്തിന്റെ പ്രാഥമിക വിലയിരുത്തല്‍.ഡ്രൈവറെ ചോദ്യംചെയ്താല്‍ മാത്രമേ സംഭവത്തിന്റെ യഥാര്‍ഥചിത്രം വ്യക്തമാകൂവെന്നും അപകടവുമായി ബന്ധപ്പെട്ട് മുഴുവന്‍ പരിശോധനകളും പൂര്‍ത്തിയാക്കിയശേഷമേ ട്രാന്‍സ്പോര്‍ട്ട് കമ്മിഷണര്‍ക്ക് അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിക്കൂവെന്നും അന്വേഷണസംഘം വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *