വൈകീട്ട് 6 മുതല്‍ രാത്രി 10 വരെ ഉപയോഗിച്ചാല്‍ വൈദ്യുതി ബില്ല് 3 ഇരട്ടിയാകുമെന്ന് ഇപ്പോഴും എല്ലാവരും പറയാറുള്ള കാര്യമാണ്. എന്നാല്‍ ഇതിന്റെ സത്യാവസ്ഥ വെളിപ്പെടുത്തിയിരിക്കുകയാണ് കെഎസ്ഇബി. ടിഒഡി ബില്ലിങ്ങില്‍ വൈകീട്ട് ആറു മുതല്‍ രാത്രി 10 വരെ വൈദ്യുതി നിരക്കില്‍ 3 ഇരട്ടി വര്‍ധനയെന്നത് വ്യാജ പ്രചാരണമെന്ന് കെഎസ്ഇബി പറഞ്ഞു.

ഈ സമയത്ത് 25 ശതമാനം കൂടുതല്‍ നിരക്കാണ് ഈടാക്കുന്നത്. രാവിലെ ആറു മുതല്‍ വൈകുന്നേരം ആറു വരെ നിരക്കില്‍ പത്തു ശതമാനം കുറവ് നല്‍കും. രാത്രി പത്തു മുതല്‍ രാവിലെ ആറു വരെ സാധാരണ നിരക്ക് ഈടാക്കും. പമ്ബ് സെറ്റ് ,ഇസ്തിരപ്പെട്ടി ,ഹീറ്റര്‍, മിക്സി ,ഗ്രൈൻഡര്‍ എന്നിവയുടെ ഉപയോഗം പകല്‍ സമയത്തേയ്ക്ക് മാറ്റിയാല്‍ 35 ശതമാനം വരെ പണം ലാഭിക്കാമെന്നും കെഎസ്ഇബി അറിയിച്ചു.

പ്രതിമാസം 250 ലധികം യൂണിറ്റ് വൈദ്യുതി ഉപയോഗിക്കുന്ന ഗാര്‍ഹിക ഉപഭോക്താക്കള്‍ക്കും ഹൈടെൻഷൻ, എക്സ്ട്രാ ഹൈ ടെൻഷൻ, 20 കിലോ വാട്ടിന് മുകളില്‍ കണക്ടഡ് ലോഡുള്ള ലോ ടെൻഷൻ വ്യവസായിക ഉപഭോക്താക്കള്‍ക്കുമാണ് ടൈം ഓഫ് ഡേ ബില്ലിങ് ഏര്‍പ്പെടുത്തിയിട്ടുള്ളത്.