തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത ചൂട് അനുഭപ്പെടുന്ന സാഹചര്യത്തില്‍ എയര്‍ കണ്ടീഷണര്‍ വാങ്ങുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളെ കെഎസ്ഇബിയുടെ കുറിപ്പ്. സംസ്ഥാനത്ത് വൈദ്യുതി ഉപഭോഗം കൂടിയ പശ്ചാത്തലത്തിലാണ് വൈദ്യുതി ലാഭിക്കും വിധം എസി വാങ്ങാന്‍ ഉപയോക്താക്കള്‍ക്ക് കെഎസ്ഇബിയുടെ നിർദേശം നല്‍കുന്നത്.

കെഎസ്ഇബി നിര്‍ദേശങ്ങള്‍ ഇങ്ങനെ

സാധാരണ കണ്ടുവരുന്ന ഒരു ടണ്‍ എയര്‍ കണ്ടീഷണര്‍ 12 മണിക്കൂര്‍ പ്രവര്‍ത്തിപ്പിച്ചാല്‍ ആറ് യൂണിറ്റ് വൈദ്യുതി ചെലവാകും.എയര്‍ കണ്ടീഷണറുകളില്‍ വൈദ്യുതി ലാഭിക്കാന്‍ താഴെ പറയുന്ന കാര്യങ്ങള്‍ ശ്രദ്ധിക്കുക.

1. വീടിന്റെ പുറം ചുമരുകളിലും ടെറസ്സിലും വെളള നിറത്തിലുളള പെയിന്റ് ഉപയോഗിക്കുന്നതും ജനലുകള്‍ക്കും ഭിത്തികള്‍ക്കും ഷെയ്ഡ് നിര്‍മ്മിക്കുന്നതും വീടിനു ചുറ്റും മരങ്ങള്‍ വച്ചു പിടിപ്പിക്കുന്നതും അകത്തെ ചൂട് കുറയ്ക്കാന്‍ സഹായിക്കും.

2. ശീതീകരിക്കാനുള്ള മുറിയുടെ വലിപ്പം അനുസരിച്ച് അനുയോജ്യമായവ തന്നെ തിരഞ്ഞെടുക്കുക.

3. വാങ്ങുന്ന സമയത്ത് ബി.ഇ.ഇ സ്റ്റാര്‍ ലേബല്‍ ശ്രദ്ധിക്കുക. 5 സ്റ്റാര്‍ ആണ് ഏറ്റവും ഊര്‍ജ്ജ കാര്യക്ഷമത കൂടിയത്.

4. എയര്‍ കണ്ടീഷണറുകള്‍ ഘടിപ്പിച്ച മുറികളിലേക്ക് ജനലുകള്‍ വാതിലുകള്‍, മറ്റു ദ്വാരങ്ങള്‍ എന്നിവയില്‍ക്കൂടി വായു അകത്തേക്കു കടക്കുന്നില്ലേന്ന് ഉറപ്പുവരുത്തുക.

5. ഫിലമെന്റ് ബള്‍ബ് പോലുള്ള ചൂട് പുറപ്പെടുവിക്കുന്ന ഉപകരണങ്ങള്‍ മുറിയില്‍ നിന്ന് ഒഴിവാക്കുക.

6.എയര്‍ കണ്ടീഷണറിന്റെ ടെംപറേച്ചര്‍ സെറ്റിംഗ് 22 ഡിഗ്രി സെല്‍ഷ്യസില്‍ നിന്നും ഓരോ ഡിഗ്രി കൂടുമ്പോഴും 5% വരെ വൈദ്യുതി ഉപയോഗം കുറയും. അതിനാല്‍ 25 ഡിഗ്രി സെല്‍ഷ്യസില്‍ തെര്‍മോസ്റ്റാറ്റ് സെറ്റ് ചെയ്യുന്നതാണ് ഉത്തമം.

7. എയര്‍കണ്ടീഷണറിന്റെ ഫില്‍ട്ടര്‍ എല്ലാ മാസവും വൃത്തിയാക്കുക.

8. എയര്‍ കണ്ടീഷണറിന്റെ കണ്ടെന്‍സര്‍ യൂണിറ്റ് കഴിയുന്നതും വീടിന്റെ തെക്ക് പടിഞ്ഞാറ് ഭാഗത്ത് ഘടിപ്പിക്കാതിരിക്കുവാന്‍ ശ്രദ്ധിക്കുക. കേരളത്തില്‍ ഏറ്റവും കൂടുതല്‍ സൂര്യപ്രകാശം ലഭിക്കുന്നത് തെക്ക് പടിഞ്ഞാറ് ഭാഗത്ത് നിന്നാണ്. വൈകുന്നേരത്തെ വെയിലിന്റെ ചൂട് ഏറ്റവുമധികം ഉണ്ടാവുക തെക്കു പടിഞ്ഞാറ് ഭാഗത്തായിരിക്കുമല്ലോ…കണ്ടന്‍സര്‍ ഇരിക്കുന്ന ഭാഗം ചൂടുള്ളതായാല്‍ സ്വാഭാവികമായും ഊര്‍ജ്ജനഷ്ടം കൂടും.

9. എയര്‍ കണ്ടീഷണറിന്റെ കണ്ടെന്‍സറിന് ചുറ്റും ആവശ്യത്തിന് വായു സഞ്ചാരം ഉറപ്പു വരുത്തുക.

10. കുറഞ്ഞ ചൂട്, അനുഭവപ്പെടുന്ന കാലാവസ്ഥയില്‍ കഴിവതും സീലിംഗ് ഫാന്‍, ടേബിള്‍ ഫാന്‍ മുതലായവ ഉപയോഗിക്കുക.


There is no ads to display, Please add some

Leave a Reply

Your email address will not be published. Required fields are marked *