കോട്ടയം: സാമുദായിക സൗഹാര്‍ദ്ദത്തിന്റെ സംഗമ ഭൂമിയെന്ന് വിശേഷിപ്പിക്കപ്പെടുന്ന കോട്ടയം ജില്ലയിലെ ഈരാറ്റുപേട്ട പൂഞ്ഞാര്‍ സെന്‍മേരിസ് പള്ളിയിലെ യുവ വൈദികനെ പള്ളിമുറ്റത്ത് എത്തിയ വിദ്യാര്‍ത്ഥികള്‍ കയ്യേറ്റം ചെയ്യാന്‍ ശ്രമിച്ചു എന്ന വാര്‍ത്തയിലെ വസ്തുതകള്‍ മറച്ചുവെച്ചു കൊണ്ടുള്ള പ്രതികരണങ്ങള്‍ പ്രതിഷേധാര്‍ഹമെന്ന് കോട്ടയം താലൂക്ക് ഇമാം ഏകോപന സമിതി.

📌 വാർത്തകൾ നിങ്ങളുടെ വാട്‌സ് ആപ്പിൽ അതിവേഗമറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക👇🏻
https://chat.whatsapp.com/IP0ubn0TQOCGT2blwahUqP

വിവിധ സമുദായങ്ങളിലെ അമ്പതോളം വരുന്ന കുട്ടികളില്‍ ചിലരെ മാത്രം ടാര്‍ജറ്റ് ചെയ്ത് കുറ്റക്കാരായി ചിത്രീകരിച്ച് വര്‍ഗീയ ധ്രുവീകരണം നടത്താനുള്ള ശ്രമം അങ്ങേയറ്റം അപലപനീയവും അനീതിയും ആണ് . പ്രസ്തുത സംഭവത്തിന് കാരണക്കാരായ മുഴുവന്‍ വിദ്യാര്‍ഥികളെയും നിയമത്തിന് മുമ്പില്‍ കൊണ്ടുവരികയും മതം നോക്കാതെ രാഷ്ട്രീയം കലര്‍ത്താതെ ജനാധിപത്യപരമായി വേണ്ട നടപടികള്‍ സ്വീകരിക്കുവാന്‍ സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണമെന്ന് സമിതി ആവശ്യപ്പെട്ടു.

സമയോചിതമായ ഇടപെടല്‍ ബന്ധപ്പെട്ടവരുടെ ഭാഗത്ത് നിന്ന് നീതിപൂര്‍വ്വം ഉണ്ടായില്ലെങ്കില്‍ കാലങ്ങളായി നാം കാത്ത് സൂക്ഷിക്കുന്ന സാമുദായിക സൗഹൃദത്തിന് മങ്ങലേല്‍ക്കുമെന്ന് സമിതി വിലയിരുത്തി.

അതോടൊപ്പം പൂഞ്ഞാര്‍ സെന്‍മേരിസ് പള്ളിയിലെ യുവ വൈദികനായ ഫാദര്‍ തോമസിന് വിദ്യാര്‍ത്ഥികളില്‍ നിന്നുണ്ടായ പരിക്കിലും ദുരനുഭവത്തിലും സമിതി അങ്ങേയറ്റം ഖേദം രേഖപ്പെടുത്തുകയും, ജില്ലയിലെ സൗഹാര്‍ദ്ദം തകര്‍ക്കുന്ന രീതിയിലുള്ള നുണ പ്രചാരണങ്ങളില്‍ നിന്ന് വിട്ട് നില്‍ക്കണമെന്നും സമിതി ഭാരവാഹികള്‍ എല്ലാ മത/രാഷ്ട്രീയനേതൃത്വങ്ങളോടും ആഹ്വാനം ചെയ്തു.

യോഗത്തില്‍ ചെയര്‍മാന്‍ ഷഫീഖ് മന്നാനി,ജനറല്‍ കണ്‍വീനര്‍ മുഹമ്മദ് നിഷാദ് ഖാസിമി,എക്‌സിക്യൂട്ടീവ് അംഗങ്ങളായ സാദിഖ് മൗലവി അല്‍ ഖാസിമി, അഷറഫ് അബ്‌റാരി ,ഹാരിസ് അബ്‌റാരി , മു.സുനീര്‍ ഫലാഹി,അന്‍സാരി മൗലവി,നൗഫല്‍ മൗലവി എന്നിവര്‍ പങ്കെടുത്തു.


There is no ads to display, Please add some

Leave a Reply

Your email address will not be published. Required fields are marked *