കേരളത്തിന്‍റെ ജലഗതാഗത രംഗത്ത് വിപ്ലവകരമായ മാറ്റം കൊണ്ടുവന്ന കൊച്ചി വാട്ടര്‍ മെട്രോ മറ്റൊരു നാഴികക്കല്ല് കൂടി പിന്നിടുകയാണ്. സർവീസ് തുടങ്ങി ഒരു വർഷം പിന്നിടുമ്പോൾ കൊച്ചി വാട്ടർ മെട്രോയ്ക്ക് ഇരട്ടി മധുരമാണ്. വാട്ടർ മെട്രോയിൽ സഞ്ചരിച്ച യാത്രക്കാരുടെ എണ്ണം ഇന്ന് ഇരുപത് ലക്ഷം എന്ന നാഴികക്കല്ലിലേക്ക് എത്തിയിരിക്കുന്നു. അന്താരാഷ്ട്ര തലത്തില്‍ ശ്രദ്ധയാകര്‍ഷിച്ച കൊച്ചി വാട്ടര്‍ മെട്രോ പ്രവർത്തനം ആരംഭിച്ചിട്ട് ഏപ്രിൽ 25ന് ഒരു വർഷം തികഞ്ഞിരുന്നു.

സർവീസ് ആരംഭിച്ച് ആറ് മാസത്തിനിടെ കഴിഞ്ഞ ഒക്ടോബർ 16നാണ് കൊച്ചി വാട്ടർ മെട്രോയിൽ യാത്ര ചെയ്തവരുടെ എണ്ണം 10 ലക്ഷം പിന്നിട്ടത്. വീണ്ടും ആറ് മാസത്തിനകം 10 ലക്ഷം യാത്രക്കാരെ കൂടി വാട്ടർ മെട്രോയിലെത്തിച്ച് രണ്ട് മില്യൺ യാത്രക്കാർ എന്ന വണ്ടർ നമ്പറിലെത്താൻ കൊച്ചി വാട്ടർ മെട്രോയ്ക്ക് സാധിച്ചു.

ഈ ചുരുങ്ങിയ കാലയളവില്‍ 20 ലക്ഷം പേർ ഈ സേവനം ഉപയോഗിച്ച് യാത്ര ചെയ്തത് വാട്ടർ മെട്രോ ജനഹൃദയങ്ങളിൽ ഇടം പിടിച്ചതിന് തെളിവാണ്. 14 ബോട്ടുകളുമായി അഞ്ചു റൂട്ടുകളിലാണ് നിലവില്‍ സര്‍വ്വീസ് ഉള്ളത്. ഹൈ കോർട്ട് ജംഗ്ഷൻ-ഫോർട്ട് കൊച്ചി, ഹൈ കോർട്ട് ജംഗ്ഷൻ – വൈപ്പിൻ, ഹൈ കോർട്ട് ജംഗ്ഷൻ – ബോൾഗാട്ടി വഴി സൗത്ത് ചിറ്റൂർ, സൗത്ത് ചിറ്റൂരിൽ നിന്ന് ഏലൂർ വഴി ചേരാനല്ലൂർ, വൈറ്റില – കാക്കനാട് എന്നിവയാണ് റൂട്ടുകൾ.

കുമ്പളം, പാലിയംതുരുത്ത്, വില്ലംഗ്ടൺ ഐലൻഡ്, കടമക്കുടി, മട്ടാഞ്ചേരി ടെർമിനലുകളുടെ നിർമ്മാണം അതിവേഗം പുരോഗമിക്കുകയാണ്. സെപ്തംബർ- ഒക്ടോബർ മാസങ്ങളിൽ ഈ റൂട്ടുകളിൽ സർവ്വീസ് ആരംഭിക്കാനാകുമെന്നാണ് പ്രതീക്ഷ. ഇതിന് മുന്നോടിയായി സെപ്തംബറോടെ അഞ്ചു ബോട്ടുകൾ കൂടി നൽകാമെന്ന് കൊച്ചിൻ ഷിപ്പ് യാർഡ് അറിയിച്ചിട്ടുണ്ട്.

തുച്ഛമായ തുകയില്‍ സുരക്ഷിതമായ യാത്രയാണ് കൊച്ചി വാട്ടര്‍ മെട്രോയുടെ ശീതികരിച്ച ബോട്ടുകളില്‍ ഉറപ്പ് നല്‍കുന്നത്. ബോട്ട് യാത്രക്കായുള്ള മിനിമം ടിക്കറ്റ് നിരക്ക് 20 രൂപയാണ്. സ്ഥിരം യാത്രികര്‍ക്കായി നിരക്കിൽ ഇളവുകളോടെ പ്രതിവാര- പ്രതിമാസ പാസ്സുകളും ഉണ്ട്. കൊച്ചി വണ്‍ കാര്‍ഡ് ഉപയോഗിച്ച് കൊച്ചി മെട്രോ റെയിലിലും കൊച്ചി വാട്ടര്‍ മെട്രോയിലും യാത്ര ചെയ്യാനാകും.

കൊച്ചിയിലെ ദ്വീപുകളെ വികസനത്തിന്‍റെ പാതയിലേക്ക് നയിക്കുന്ന ഈ പദ്ധതി ലോക ടൂറിസം ഭൂപടത്തില്‍ കൊച്ചിയ്ക്ക് മറ്റൊരു തിലകക്കുറി കൂടി നല്‍കി. ലോകത്തിൽ ഏറ്റവും കൂടുതൽ ഇലക്ട്രിക്ക് ബോട്ടുകളുടെ ഫ്‌ളീറ്റ് കൊച്ചി വാട്ടർ മെട്രോയ്ക്കാണ്. പദ്ധതി പൂര്‍ത്തിയാകുമ്പോള്‍ പത്ത് ദ്വീപുകളിലായി 38 ടെര്‍മിനലുകള്‍ ബന്ധിപ്പിച്ച് 78 വാട്ടര്‍ മെട്രോ ബോട്ടുകള്‍ സര്‍വ്വീസ് നടത്തും.


There is no ads to display, Please add some

Leave a Reply

Your email address will not be published. Required fields are marked *