കൊച്ചി: കടുത്ത ശ്വാസതടസവുമായി ആശുപത്രിയിലെത്തിയ 55 കാരന്റെ ശ്വാസകോശത്തിൽ കണ്ടെത്തിയത് പാറ്റ. കൊച്ചി അമൃത ആശുപത്രിയിൽ ചികിത്സ തേടിയെത്തിയ ആളുടെ ശ്വാസകോശത്തിൽ നിന്ന് നീക്കിയ പാറ്റയ്ക്ക് നാല് സെന്റിമീറ്ററോളം നീളമുണ്ട്. ഇന്റര്‍വെന്‍ഷണല്‍ പള്‍മണോളജി വിഭാഗം മേധാവി ഡോ ടിങ്കു ജോസഫിന്റെ നേതൃത്വത്തിലുള്ള മെഡിക്കല്‍ സംഘമാണ് 55 കാരന്റെ ഇടത്തേ ശ്വാസകോശത്തിൽ നിന്ന് പാറ്റയെ നീക്കം ചെയ്തത്.
വ്യാഴാഴ്ചയാണ് സംഭവം. ശ്വസന സംബന്ധിയായ തകരാറുള്ള രോഗിക്ക് ഓക്സിജൻ നൽകുന്നതിനായി കഴുത്ത് തുളച്ച ഇട്ടിരുന്ന ട്യൂബിലൂടെയാവും പാറ്റ ശ്വാസകോശത്തിലെത്തിയതെന്നാണ് ആരോഗ്യ വിദഗ്ധർ വിശദമാക്കുന്നത്.
ശ്വാസനാളിയിൽ എന്തോ കയറിപ്പോയെന്ന് 55 കാരന് തോന്നുകയും പിന്നാലെ ശ്വാസതടസം രൂക്ഷമാവുകയും ചെയ്തതോടെ എക്സ് റേ എടുത്ത് നോക്കിയെങ്കിലും അസ്വഭാവികമായൊന്നും കാണാൻ സാധിച്ചില്ല.പിന്നാലെയാണ് ഇഎൻടി വിഭാഗം ബ്രോങ്കോസ്പി നടത്തിയതും ശ്വാസകോശത്തിൽ പാറ്റയെ കണ്ടെത്തിയതും. ഇതോടെ ഇന്റര്‍വെന്‍ഷണല്‍ പള്‍മണോളജി വിഭാഗത്തിലെ മെഡിക്കൽ സംഘം രോഗിയെ പരിശോധിക്കുകയായിരുന്നു.
ശ്വാസതടസം അനുഭവപ്പെട്ട് ഏകദേശം എട്ട് മണിക്കൂറോളം പിന്നിട്ട ശേഷമാണ് ശ്വാസകോശത്തിൽ നിന്ന് പാറ്റയെ പുറത്തെടുത്തത്. ഈ സമയത്തിനുള്ളിൽ പൊടിയാൻ തുടങ്ങുന്ന അവസ്ഥയിലായിരുന്നു പാറ്റയുണ്ടായിരുന്നത്.
There is no ads to display, Please add some