ആകാശത്തു മഴമേഘങ്ങൾ സൃഷ്ടിക്കുന്ന ആശങ്കയ്ക്കിടെ ഒളിമ്പിക്സ് മാതൃകയിൽ നടത്തുന്ന സംസ്ഥാന സ്കൂൾ കായികമേളയ്ക്ക് ഇന്നു കൊച്ചിയിൽ തുടക്കം. എറണാകുളം മഹാരാജാസ് കോളജ് ഗ്രൗണ്ടിൽ ഇന്നു വൈകിട്ട് നാലിനു മന്ത്രി വി. ശിവൻകുട്ടി കായികമേള ഉദ്ഘാടനം ചെയ്യും.
സാംസ്‌കാരിക പരിപാടികൾ നടൻ മമ്മൂട്ടി ഉദ്ഘാടനം ചെയ്യും. മന്ത്രിയും കായികമേള ബ്രാൻഡ് അംബാസഡർ ഒളിംപ്യൻ പി.ആർ. ശ്രീജേഷും ചേർന്നു ദീപശിഖ തെളിയിക്കുന്നതോടെ കൗമാര കരുത്തിന്റെ കായിക മാമാങ്കത്തിനു കൊടിയുയരും.
11-ാം തീയതി വരെയാകും മത്സരങ്ങൾ നടത്തുക. 39 ഇനങ്ങളിലായി 2,400-ഓളം കുട്ടികൾ മാറ്റുരയ്‌ക്കും. 1,562 സവിശേഷ പരിഗണന അർഹിക്കുന്ന കുട്ടികളും അണ്ടർ 14, 17, 19 കാറ്റഗറികളിലായി ഗൾഫിലെ എട്ട് സ്കൂളുകളിൽ നിന്ന് 50 കുട്ടികളും പങ്കെടുക്കും. ചരിത്രത്തിലാദ്യമായാണ് ഗൾഫ് രാജ്യങ്ങളിൽനിന്നുള്ള സ്‌കൂളുകൾ പങ്കെടുക്കുന്നത്.
ഇന്ന് മത്സരങ്ങളൊന്നും ഷെഡ്യൂൾ ചെയ്തിട്ടില്ല. നാളെ അത്‌ലറ്റിക്സ്, അത്‌ലറ്റിക്സ് (ഇൻക്ലൂസീവ്), ബാഡ്മിന്റൺ, ഫുട്ബോൾ, ത്രോബോൾ തുടങ്ങി 20 ഓളം മത്സരങ്ങൾ ഉണ്ടാകും.
സംസ്ഥാന സ്‌കൂൾ കായിക മേളയ്‌ക്കുള്ള ദീപശിഖാ പ്രയാണവും ജേതാക്കൾക്കുള്ള ട്രോഫിയും വഹിച്ചുകൊണ്ടുള്ള യാത്രകൾ തൃപ്പൂണിത്തുറയിൽ ഒരുമിക്കും. കാസർകോട് നിന്നാണ് ദീപശിഖാ പ്രയാണം ആരംഭിച്ചത്. ട്രോഫിയും വഹിച്ചുകൊണ്ടുള്ള യാത്ര തിരുവനന്തപുരത്തു നിന്നും ആരംഭിച്ചു. ഇന്ന് രാവിലെ പത്ത് മണിയോടെ തൃപ്പൂണിത്തുറ ഗവൺമെൻ്റ് ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ ഇരുയാത്രകളും കൂടിച്ചേരും. ഇവിടെ നിന്ന് വിവിധ പ്രദേശങ്ങളിലേക്ക് ഘോഷയാത്രയായി പുറപ്പെട്ട് ഉച്ചയോടെ മറൈൻ ഡ്രൈവിലെത്തും.
11 മണിയോടെ ഇടക്കൊച്ചി വെളി മൈതാനത്തെത്തുന്ന യാത്ര 11.30-ന് വൈപ്പിൻ ദ്വീപിലെ ഓച്ചന്തുരുത്തിലെ സാന്റാക്രൂസ് ഹയർസെക്കൻഡറി സ്‌കൂളിൽ എത്തിചേരും. അവിടെ നിന്നും ഉച്ചയോടെ മറൈൻഡ്രൈവിൽ. ഇവിടെ നിന്നും പുറപ്പെടുന്ന യാത്രയെ വൈകുന്നേരം മൂന്ന് മണിയോടെ ഉദ്ഘാടന വേദിയായ മഹരാജാസ് ഗ്രൗണ്ടിൽ സ്വീകരിക്കും.
There is no ads to display, Please add some