ഇന്ത്യൻ സൂപ്പർ ലീഗിൽ കേരള ബ്ലാസ്റ്റേഴ്സിന് സീസണിലെ രണ്ടാം ജയം. ബ്ലാസ്റ്റേഴ്സിന്റെ തട്ടകമായ കൊച്ചി ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ജംഷഡ്പൂർ എഫ്.സിയെ എതിരില്ലാത്ത രണ്ട് ഗോളുകൾക്കാണ് ബ്ലാസ്റ്റേഴ്സ് കീഴടക്കിയത്. സീസണിലെ ബ്ലാസ്റ്റേഴ്സിന്റെ ആദ്യ ഹോം വിജയമാണിത്.

3-5-2 എന്ന ഫോർമേഷനിലാണ് ബ്ലാസ്റ്റേഴ്സ് സ്വന്തം ആരാധകർക്ക് മുന്നിൽ കളത്തിലിറങ്ങിയത്. 4-2-3-1 എന്ന ശൈലിയുമാണ് സന്ദർശകർ പിന്തുടർന്നത്. മത്സരം തുടങ്ങി 12-ാം മിനിറ്റിൽ തന്നെ ബ്ലാസ്റ്റേഴ്സ് ആദ്യ ഗോൾ നേടി. നിഹാൽ സുധീഷാണ് ബ്ലാസ്റ്റേഴ്സിനായി ലക്ഷ്യം കണ്ടത്. വലത് വിങ്ങിൽ നിന്നും ലഭിച്ച ഒരു മികച്ച ക്രോസിൽ തലവെച്ചാണ് താരം ലക്ഷ്യം കണ്ടത്. 36-ാം മിനിറ്റിൽ വിപിൻ മോഹനനിലൂടെ ബ്ലാസ്റ്റേഴ്സ് രണ്ടാം ഗോളും സ്വന്തമാക്കി. വിപിനും ഹെഡറിലൂടെയാണ് ഗോൾ സ്കോർ ചെയ്തത്.

ആദ്യ പകുതിയിൽ സ്വന്തമാക്കിയ രണ്ട് ഗോളുകളുടെ കരുത്തിൽ ബ്ലാസ്റ്റേഴ്സ് വിജയം കൈപ്പിടിയിലാക്കുകയായിരുന്നു. മത്സരത്തിന്റെ അവസാന നിമിഷങ്ങളിൽ 84-ാം മിനിറ്റിൽ ജംഷഡ്പൂർ താരം സ്റ്റീഫൻ എസെ റെഡ് കാർഡ് കണ്ട് പുറത്തുപോയതും ബ്ലാസ്റ്റേഴ്സിന്റെ വിജയം അനായാസമാക്കി.


