ഭുവനേശ്വർ: ഷില്ലോങ്ങിനെതിരായ ജയത്തിനുപിന്നാലെ കലിംഗ സൂപ്പർ കപ്പിൽ നോക്കൗട്ട് പ്രതീക്ഷയിലേക്ക് പന്തു തട്ടാനിറങ്ങിയ കേരള ബ്ലാസ്റ്റേഴ്സിനെ രണ്ടിനെതിരെ മൂന്നു ഗോളുകൾക്ക് തകർത്ത് ജംഷെഡ്പൂർ എഫ് സി.

ഗ്രീക്ക് സൂപ്പര്‍ സ്‌ട്രൈക്കര്‍ ദിമിത്രിയോസ് ഡയമന്‍റകോസ് ഇരട്ട ഗോളുകളുമായി തിളങ്ങിയെങ്കിലും ബ്ലാസ്റ്റേഴ്‌സിന് പരാജയം ഒഴിവാക്കാനായില്ല. ഡാനിയൽ ചിമ ചുക്ക്വു ഇരട്ടഗോൾ നേടിയപ്പോൾ ജറെമി മൻസോറോയാണ് ജാംഷഡ്പുരിനായി വിജയഗോൾ നേടിയത്.

ഇതോടെ രണ്ട് ജയങ്ങൾ നേടിയ ജാംഷഡ്പൂർ പട്ടികയിൽ ആറ് പോയിന്റുമായി മുന്നിലെത്തി. ആദ്യ മത്സരത്തിൽ ഐ ലീഗ് ക്ലബായ ഷില്ലോങ് ലജോങ്ങിനെ തോൽപിച്ച കേരള ബ്ലാസ്റ്റേഴ്സ് മൂന്ന് പോയിന്റുമായി രണ്ടാമതാണ്.
നോർത്ത് ഈസ്റ്റ് യുനൈറ്റഡിനെ അടുത്ത മത്സരത്തിൽ തോൽപ്പിച്ചാലും ബ്ലാസ്റ്റേഴ്സിന് സെമി ഫൈനൽ സാധ്യത കുറവാണ്. ജാംഷഡ്പൂർ അടുത്ത മത്സരത്തിൽ ജയിക്കുകയോ സമനില നേടുകയോ ചെയ്താൽ ബ്ലാസ്റ്റേഴ്സ് പുറത്താകും.


