കർണാടകയിലെ ഹുബ്ബള്ളിയില്‍ അഞ്ച് വയസുകാരിയെ തട്ടിക്കൊണ്ടുപോയ ശേഷം കൊലപ്പെടുത്തിയ യുവാവിനെ പൊലീസ് വെടിവെച്ചുകൊന്നു. തെളിവെടുപ്പിനിടെ ഇയാള്‍ പൊലീസുകാരെ ആക്രമിക്കുകയും രക്ഷപ്പെടാൻ ശ്രമിക്കുകയും ചെയ്തുവെന്നും ഇത് തടയുന്നിതിനിടെ പ്രതിക്ക് നേരെ വെടിവെയ്ക്കുകയായിരുന്നു എന്നുമാണ് കർണാടക പൊലീസ് അറിയിച്ചത്. രണ്ട് പൊലീസുകാരെയും പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ബിഹാർ സ്വദേശിയായ നിതേഷ് കുമാർ (35) ആണ് വെടിയേറ്റ് മരിച്ചത്. ഒരു വീടിന് മുന്നില്‍ കളിച്ചുകൊണ്ടിരിക്കുകയായിരുന്ന അഞ്ച് വയസുകാരിയെ സൗഹൃദം നടിച്ച്‌ എടുത്തുകൊണ്ട് പോവുകയും പീഡനത്തിനൊടുവില്‍ കൊലപ്പെടുത്തുകയും ചെയ്ത കേസിലാണ് ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തത്. സിസിടിവി ദൃശ്യങ്ങളില്‍ ഇയാള്‍ കുട്ടിയെ എടുത്തുകൊണ്ടു പോകുന്നത് വ്യക്തമായിരുന്നു. കർണാടകയിലെ കൊപ്പാള്‍ സ്വദേശിയായ ഈ പെണ്‍കുട്ടിയുടെ അച്ഛൻ പെയിന്റിങ് തൊഴിലാളിയും അമ്മ വീട്ടുജോലികള്‍ ചെയ്യുന്നയാളുമാണ്. അമ്മ ജോലിക്ക് പോയ വീടിന്റെ മുന്നില്‍ നിന്ന് കളിച്ചുകൊണ്ടിരിക്കുന്നതിനെയാണ് പ്രതി കുട്ടിയെ എടുത്തുകൊണ്ടു പോയത്.

പിന്നീട് കുട്ടിയെ കാണാതായെന്ന് മനസിലായപ്പോള്‍ നാട്ടുകാർ ഒന്നാകെ അന്വേഷിച്ചിറങ്ങി. ഇതിനിടെ തൊട്ടടുത്തുള്ള ഷീറ്റിട്ട ഒരു കെട്ടിടത്തിന്റെ ശുചിമുറിയില്‍ ചലനമറ്റ നിലയില്‍ കുട്ടിയെ കണ്ടെത്തി. ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സ്ഥിരീകരിച്ചു. സംഭവത്തിന് പിന്നാലെ കുട്ടിയുടെ കുടുംബത്തിന് നീതി നേടി വലിയ ജനക്കൂട്ടം പൊലീസ് സ്റ്റേഷന് മുന്നില്‍ തടിച്ചുകൂടിയിരുന്നു. സിസിടിവി ദൃശ്യങ്ങളില്‍ നിന്ന് പ്രതിയെ കണ്ടെത്തിയ പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തു.

ശേഷം തെളിവെടുപ്പിനായി താമസ സ്ഥലത്ത് കൊണ്ടുവന്നപ്പോഴാണ് ഇയാള്‍ പൊലീസുകാരെ ആക്രമിക്കാനും പൊലീസ് വാഹനം നശിപ്പിക്കാനും ശ്രമിച്ചതെന്ന് ഉദ്യോഗസ്ഥർ പറയുന്നു. പൊലീസ് ആദ്യം ആകാശത്തേക്ക് വെടിവെച്ചു. എന്നാല്‍ ഇയാള്‍ കീഴടങ്ങാൻ തയ്യാറാവാതെ ഓടി രക്ഷപ്പെടാൻ നോക്കിയപ്പോള്‍ അത് തടയാനായി സംഘത്തിലുണ്ടായിരുന്ന വനിതാ എസ്.ഐ അന്നപൂർണ പ്രതിക്ക് നേരെ വെടിവെച്ചു എന്നാണ് പൊലീസ് അറിയിച്ചത്. രണ്ട് വെടിയുണ്ടകള്‍ ഇയാളുടെ ശരീരത്തില്‍ തറച്ചു. പൊലീസുകാർ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നുവെന്ന് ഹുബ്ബള്ളി പൊലീസ് മേധാവി പറഞ്ഞു.


There is no ads to display, Please add some

Leave a Reply

Your email address will not be published. Required fields are marked *