കാഞ്ഞിരപ്പള്ളി: എത്ര ശ്രമിച്ചാലും തീരാത്ത ഗതാഗതക്കുരുക്കുമായി കാഞ്ഞിരപ്പളി. ദേശീയപാതയിൽ കുന്നുംഭാഗം മുതൽ 26-ാം മൈൽവരെ നീളുന്ന കാഞ്ഞിരപ്പളിയിലെ ഗതാഗതക്കുരുക്ക് ഒരു തീരാശാപമായി തുടരുകയാണ്. എന്നാൽ ഇതിന് ഫലപ്രദമായ നടപടികൾ അധികൃതരുടെ ഭാഗത്തുനിന്നും ഉണ്ടാകുന്നുണ്ടോ? അക്കാര്യം ഇല്ലേയില്ല.
📌 വാർത്തകൾ നിങ്ങളുടെ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക👇https://chat.whatsapp.com/BpqLGv5wPes9mbZqGEJjWq?mode=ac_t

വീതി കുറഞ്ഞ റോഡും ബസ് സ്റ്റാൻഡിലേക്ക് ബസുകൾ കയറിയിറങ്ങുന്നതിനുള തടസ്സവുമാണ് പ്രധാന പ്രതിബന്ധം എന്ന സ്ഥിരം മറുപടി പറഞ്ഞ് ഒഴിയാനാണ് അധികർ ശ്രമിക്കുന്നത്. അധികൃതർ കണ്ടിട്ടും കണ്ടില്ലെന്ന് നടിക്കുന്ന ചില കാര്യങ്ങൾകൂടി ഗതാഗതക്കുരുക്കിന് കാരണമാകുന്നുണ്ട്. ക്രിട്ടിക്കൽ ടൈംസ് ന്യൂസിന്റെ കണ്ടെത്തലുകൾ ചുവടെ

റോഡിനിരുവശവുമുള്ള അനധികൃത പാർക്കിംഗ്, വഴിവാണിഭക്കാരുടേയും ചില സ്ഥിരം കച്ചവടക്കാരുടേയും റോഡ് കൈയേറ്റം, റോഡിലേക്ക് ഇറക്കി വെയ്ക്കുന്ന ബോർഡുകൾ, മോട്ടോർ വർക്ക്ഷോപ്പുകളുടെ കൈയേറ്റം, വാഹനങ്ങൾ റോഡിലിട്ട് സ്റ്റിക്കർ വർക്കുകൾചെയ്യുക, കണ്ടം ചെയ്യാറായ ഉപേക്ഷിച്ച വാഹനങ്ങൾ, റോഡിനോട് തൊട്ടുനിൽക്കുന്ന വൈദ്യുതി പോസ്റ്റുകൾ തുടങ്ങി റോഡിനെ ദുരുപയോഗം ചെയ്യുന്ന നടപടികൾ ഉണ്ടായാൽ ഏത് സ്ഥലത്താണ് കുരുക്കുണ്ടാകാത്തത്.

ബസ് സ്റ്റാൻഡ് മാറ്റാനോ റോഡിന് വീതി കൂട്ടാനോ ഒന്നും പെട്ടെന്ന് കഴിയുന്ന കാര്യമല്ല. അധികാരികൾ മനസ്സുവെച്ചാൽ റോഡ് ക്ലിയറാക്കാൻ കഴിയും. പാതയോരത്തെ കൈയേറ്റം ഒഴിപ്പിച്ചാൽ മാത്രം മതി. തിരക്ക് ഒരു പരിധിവരെ നിയന്ത്രിക്കാം. പഞ്ചായത്ത് ലൈസൻസ് പോലുമില്ലാത്ത കച്ചവടക്കാരാണ് തങ്ങളുടെ വില്പനസാധനങ്ങൾ നടപ്പാതയിലും റോഡിലും നിരത്തി വെയ്ക്കുന്നത്. ഇതൊഴിവാക്കാൻ പഞ്ചായത്തിനും പൊലീസിനും കഴിയുന്നതാണ്. അതിനുള്ല നടപടികൾ ഉണ്ടാകണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

