കാഞ്ഞിരപ്പള്ളി: ‘നിങ്ങൾ ഗതാഗതം നിരോധിക്ക് ഹേയ്… ഞങ്ങൾ ഈ വഴി തന്നെ പോകും’.. കഴിഞ്ഞ കുറച്ചു നാളുകളായി പൂതക്കുഴി പട്ടിമറ്റം റോഡിലൂടെ പോകുന്ന വാഹന യാത്രക്കാരുടെ രീതിയാണിത്.
പൂതക്കുഴി – പട്ടിമറ്റം റോഡിന്റെ അവസാന ഘട്ട നവീകരണ പ്രവർത്തനങ്ങളുടെ ഭാഗമായി ഈ മാസം പതിനെട്ടാം തീയതി മുതൽ റോഡിലൂടെയുള്ള ഗതാഗതം നിരോധിച്ചിരിക്കുകയായിരുന്നു. എന്നാൽ പണി തീരുന്നത് വരെ ഒന്നും കാത്തുനിൽക്കാൻ ഇതുവഴി പോകുന്ന വാഹന യാത്രക്കാർക്ക് സാധിക്കില്ല. ഇച്ചിരി ഗ്യാപ്പ് കിട്ടിയാൽ അതിൽ കൂടി സ്കൂട്ടർ മുതൽ കാർ വരെ കയറ്റിക്കൊണ്ടുപോകും…
ഗ്രാമ പഞ്ചായത്ത് 2023 – 2024 വാർഷിക പദ്ധതിയിൽ നിന്നും 5 ലക്ഷം രൂപയും വെള്ളപ്പൊക്ക ദുരിതാശ്വാസ നിധിയിൽ നിന്നും ഗവ. ചീഫ് വിപ്പ് ഡോ.എൻ.ജയരാജന്റെ നിർദ്ദേശപ്രകാരം അനുവദിച്ച 10 ലക്ഷം രൂപയും ഉപയോഗിച്ച് നവീകരിച്ച് നിർമ്മിക്കുന്ന പൂതക്കുഴി – പട്ടിമറ്റം റോഡിന്റെ നവീകരണ പ്രവർത്തനങ്ങൾ ആരംഭിച്ചത്. എന്നാൽ റോഡിൽ കോൺക്രീറ്റ് ഇട്ടാൽ അതൊന്ന് സെറ്റ് ആവാൻ പോലും ഇതുവഴി പോകുന്ന വാഹനമയാത്രക്കാർ സമ്മതിക്കാറില്ല. ഒന്നും രണ്ടും തവണയല്ല, ഈ റോഡിൽ എന്ന് പണി തുടങ്ങിയാലും ഇതാണ് അവസ്ഥയെന്ന് കോൺട്രാക്ടറും പറയുന്നു..
ദേശീയ പാത183 ൽ പൂതക്കുഴി ഫാബീസ് ഓഡിറ്റോറിയം ജംഗ്ഷനിൽ നിന്നാരംഭിച്ച് കെ.എം.എ ചിൽഡ്രൻസ് ഹോമിന് സമീപമുള്ള പാലം വരെയുള്ള 500 മീറ്റർ റോഡാണ് നവീകരിച്ച് നിർമ്മിക്കുന്നത്. ആദ്യ ഘട്ടത്തിൽ സംരക്ഷണഭിത്തി നിർമ്മാണവും ,റോഡ് മണ്ണിട്ട് ഉയർത്തലും 111 മീറ്റർ റോഡ് കോൺക്രീറ്റിങ്ങും ഇന്റർ ലോക്ക് പാകലും പൂർത്തീകരിച്ചിരുന്നു.
രണ്ടാം ഘട്ടത്തിൽ 4.5 മീറ്റർ വീതിയിൽ 120 മീറ്റർ നീളത്തിലുള്ള റോഡ് കോൺക്രീറ്റിങ്ങും, കൈവരിയും ഓട നിർമ്മാണവും നടത്തിയിരുന്നു. റോഡിന്റെപ്രവേശന കവാടത്തിൽ എംപി ഫണ്ടിൽ നിന്നും 4.5 ലക്ഷം രൂപ അനുവദിച്ച് ആന്റോ ആന്റണി എംപി ഹൈമാസ് ലൈറ്റ് സ്ഥാപിച്ചിരുന്നു.ഡിസംബർ 3 വരെ 16 ദിവസത്തേക്കാണ് ഗതാഗതം നിരോധിച്ചിരിക്കുന്നത്.
There is no ads to display, Please add some