വ്യാഴാഴ്ച മുതല്‍ കെ സ്മാർട്ട് പൂർണ്ണ സജ്ജം. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സേവനങ്ങള്‍ ഒറ്റ പ്ലാറ്റ്‌ഫോമിലൂടെ ജനങ്ങള്‍ക്ക് ലഭ്യമാക്കുന്ന പ്ലാറ്റ്ഫോമാണ് കെ സ്മാർട്ട്. ജനന മരണ വിവാഹ രജിസ്‌ട്രേഷൻ, വസ്തു നികുതി, കെട്ടിട നിർമ്മാണ പെർമിറ്റ് തുടങ്ങി എല്ലാ സേവനങ്ങളും ഇനി കെ സ്മാർട്ട് പോർട്ടലിലൂടെ ലഭിക്കും. ഏപ്രില്‍ 10 മുതല്‍ എല്ലാ പഞ്ചായത്തുകളിലും ഈ സേവനം ലഭ്യമാകും.
ദിവസങ്ങളും മാസങ്ങളും വേണ്ടിവന്നിരുന്ന ബില്‍ഡിങ് പെര്‍മിറ്റുകള്‍ സെക്കന്‍റുകള്‍ക്കുള്ളില്‍ അനുവദിച്ച് ഡിജിറ്റല്‍ ഗവേര്‍ണന്‍സില്‍ വൻ മുന്നേറ്റം കുറിക്കുകയാണ് കെ സ്മാര്‍ട്ട്. തദ്ദേശ സ്വയംഭരണ വകുപ്പിന് കീഴില്‍ ഇന്‍ഫര്‍മേഷന്‍ കേരള മിഷന്‍ തയാറാക്കിയ കെ സ്മാര്‍ട്ട് ആപ്ലിക്കേഷനിലും വെബ്‌സൈറ്റിലുമാണ് രാജ്യത്താദ്യമായി എഐയുടെയും വിവിധ റൂള്‍ എന്‍ജിനുകളുടെയും സഹായത്തോടെ വലിയ മാറ്റം കൊണ്ടുവരുന്നത്.

ഏറ്റവും ലളിതമായി വെറും 30 സെക്കന്‍ഡ് കൊണ്ട് കെട്ടിട നിര്‍മ്മാണ പെര്‍മിറ്റ് ലഭ്യമാക്കാനുള്ള അതിനൂതന സംവിധാനമാണ് കെ സ്മാര്‍ടിലൂടെ തയ്യാറാക്കിയിരിക്കുന്നതെന്ന് അധികൃതർ അറിയിച്ചു. കേരളാ ബില്‍ഡിംഗ് റൂള്‍ അനുശാസിക്കുന്ന എല്ലാത്തരം കെട്ടിടങ്ങളുടെ പെര്‍മിറ്റും ഇത്തരത്തില്‍ കരസ്ഥമാക്കാം.
ഇ-ഡിസിആര്‍ റൂള്‍ എന്‍ജിന്‍, ജിഐഎസ് റൂള്‍ എന്‍ജിന്‍ എന്നീ സംവിധാനങ്ങളുടെ സംയോജിച്ചുള്ള പ്രവര്‍ത്തനമാണ് ബില്‍ഡിങ് പെര്‍മിറ്റിന് വേണ്ടി ഉപയോഗിച്ചിരിക്കുന്നത്. ‘നോ യുവര്‍ ലാന്‍ഡ്’, ‘കെ- മാപ്പ്’, സിആര്‍ഇസെഡ്, മാസ്റ്റര്‍ പ്ലാന്‍സ്, എയര്‍പോര്‍ട്ട് സോണ്‍, റെയില്‍വേ ലാന്‍ഡ്, ലാന്‍ഡ് സ്ലൈഡ് സോണ്‍, ഹൈ ടൈഡ് ലൈന്‍ ഏരിയ, ഹൈ ടെന്‍ഷന്‍ ഇലക്‌ട്രിക് ലൈന്‍സ് എന്നിവ സിംഗിള്‍ പ്ലാറ്റ്‌ഫോമിലൂടെ വിശദമായി അറിയാന്‍ കഴിയും.

85238 പെര്‍മിറ്റ് ആപ്ലിക്കേഷനുകള്‍ ലഭിച്ചതില്‍ 65846 എണ്ണത്തിന് പെര്‍മിറ്റുകള്‍ നല്‍കി. 28393 സെല്‍ഫ് സര്‍ട്ടിഫൈഡ് പെര്‍മിറ്റ് ആപ്ലിക്കേഷനുകളും 34496 ജനറല്‍ ബില്‍ഡിംഗ് പെര്‍മിറ്റ് ആപ്ലിക്കേഷനുകളും ലഭിച്ചു. ഇതില്‍ 28393 സെല്‍ഫ് സര്‍ട്ടിഫൈഡ് പെര്‍മിറ്റുകളും 22919 ജനറല്‍ ബില്‍ഡിംഗ് പെര്‍മിറ്റുകളും നല്‍കി. ഏറ്റവും കൂടുതല്‍ അപേക്ഷകർ തിരുവന്തപുരം കോര്‍പ്പറേഷനിലാണ്- ഇവിടെ ആകെ 11903 പെര്‍മിറ്റ് ആപ്ലിക്കേഷനുകളാണ് സമര്‍പ്പിക്കപ്പെട്ടിട്ടുള്ളത്. ഇതില്‍ 9317 എണ്ണം തീര്‍പ്പാക്കി സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കിക്കഴിഞ്ഞു. ആകെ അപേക്ഷകളുടെ 78.27 ശതമാനമാണിത്.

There is no ads to display, Please add some