തിരുവനന്തപുരം: കോഴിക്കോട് ഗവൺമെന്റ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ നിപ്പ ബാധിതരായ രോഗികൾ മരിച്ചത് കാലാവധി കഴിഞ്ഞ മരുന്ന് നൽകിയതുകൊണ്ടാണോ എന്ന് ആരോഗ്യവകുപ്പ് സംശയിക്കുന്നതായി ആരോഗ്യമന്ത്രി കെ. മുരളീധരൻ നിയമസഭയിൽ വെളിപ്പെടുത്തി. 2023, 2024, 2025 വർഷങ്ങളിൽ നിപ്പ ബാധിച്ച് ആറ് രോഗികൾ മരിച്ചതുമായി ബന്ധപ്പെട്ടാണ് ആരോഗ്യവകുപ്പിന് തന്നെ സംശയമുയർന്നിരിക്കുന്നത്. സംഭവത്തിൽ സമഗ്രമായ അന്വേഷണം നടത്താൻ തിരുവനന്തപുരം മെഡിക്കൽ കോളേജ് ഇൻഫെക്ഷ്യസ് ഡിസീസ് മേധാവി ഡോ. അരവിന്ദിന്റെ നേതൃത്വത്തിൽ വിദഗ്ദ്ധ മെഡിക്കൽ ബോർഡ് രൂപീകരിച്ച് ഉത്തരവിട്ടതായും മന്ത്രി സഭയെ അറിയിച്ചു.

നിയമസഭാ സമ്മേളനത്തിനിടെ മാത്യു കുഴൽനാടൻ എംഎൽഎ ഉന്നയിച്ച സബ്മിഷന് മറുപടി നൽകുകയായിരുന്നു ആരോഗ്യമന്ത്രി. നിപ്പ, കോവിഡ് തുടങ്ങിയ ഗുരുതര വൈറസ് രോഗങ്ങൾ ബാധിച്ചവർക്ക് ജീവൻരക്ഷാ മരുന്നായി അടിയന്തര ഘട്ടങ്ങളിൽ നൽകിവരുന്ന ആന്റി വൈറൽ മരുന്നായ ‘റെംഡെസിവിർ’ വിതരണം ചെയ്തതിലാണ് അതീവ ഗുരുതരമായ വീഴ്ച സംഭവിച്ചതായി സംശയിക്കുന്നത്. കേരള മെഡിക്കൽ സർവീസസ് കോർപ്പറേഷൻ ലിമിറ്റഡ് കാരുണ്യ വഴി 2021 ജൂൺ മൂന്നിനാണ് അവസാനമായി റെംഡെസിവിർ മരുന്ന് സംഭരിച്ചത്. 42 ലക്ഷം രൂപ ചെലവിട്ട് വാങ്ങിയ 3000 വയൽ മരുന്നിന്റെ കാലാവധി അവസാനിച്ചത് 2023 മേയ് 30-നായിരുന്നു. കാരുണ്യ വഴിയല്ലാതെ മറ്റ് മാർഗ്ഗങ്ങളിലൂടെയൊന്നും ഈ കാലയളവിൽ സർക്കാർ ആശുപത്രികളിലേക്ക് മരുന്ന് വാങ്ങിയിരുന്നില്ല. എന്നാൽ, കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽനിന്ന് ലഭ്യമായ കണക്കുകൾ പ്രകാരം കാലാവധി കഴിഞ്ഞ ശേഷവും വലിയ തോതിൽ റെംഡെസിവിർ രോഗികൾക്ക് നൽകിയതായി കണ്ടെത്തിയിട്ടുണ്ട്.

2023-24 സാമ്പത്തിക വർഷത്തിൽ 102 വയലും, 2024-25-ൽ 34 വയലും, 2025-26 വർഷത്തിൽ 10 വയലും റെംഡെസിവിർ മെഡിക്കൽ കോളേജിൽ ഉപയോഗിച്ചിട്ടുണ്ട്. 2023-ൽ ആറ് നിപ്പ കേസുകൾ റിപ്പോർട്ട് ചെയ്തതിൽ രണ്ടുപേരും, 2024-ൽ രണ്ട് കേസുകളിൽ രണ്ടുപേരും, 2025-ൽ മൂന്ന് കേസുകൾ റിപ്പോർട്ട് ചെയ്തതിൽ രണ്ടുപേരും മരണപ്പെട്ടിരുന്നു. ഈ മൂന്ന് വർഷങ്ങളിലായി രോഗികൾക്ക് നൽകിയ മരുന്നുകൾ കാലാവധി കഴിഞ്ഞതായിരുന്നുവെന്നാണ് ആരോഗ്യവകുപ്പ് ഇപ്പോൾ അനുമാനിക്കുന്നത്. അതേസമയം, 2026-27 സാമ്പത്തിക വർഷത്തിൽ ഉപയോഗിച്ച 50 വയൽ മരുന്ന് 2026 ജൂൺ 12-ന് ബഹ്‌റൈനിൽനിന്ന് പ്രത്യേകമായി എത്തിച്ച് നൽകിയതായിരുന്നു. ഈ വർഷം രോഗം സ്ഥിരീകരിച്ച ഏക രോഗി പൂർണ്ണമായി രോഗമുക്തി നേടുകയും ചെയ്തു.

കാലാവധി കഴിഞ്ഞ മരുന്ന് കുത്തിവെച്ചതാണോ ആറ് പേരുടെ മരണത്തിന് കാരണമായതെന്നും, ഈ മരുന്ന് നൽകിയ മറ്റ് കോവിഡ്, നിപ്പ രോഗികൾക്ക് എന്തെങ്കിലും തരത്തിലുള്ള പാർശ്വഫലങ്ങൾ ഉണ്ടായിട്ടുണ്ടോയെന്നും മെഡിക്കൽ ബോർഡ് പരിശോധിക്കും. കോഴിക്കോട് മെഡിക്കൽ കോളജിൽനിന്ന് റെംഡെസിവിർ മരുന്ന് നൽകിയിട്ടുള്ള മുഴുവൻ രോഗികളുടെയും വിവരങ്ങൾ ഉടൻ ശേഖരിച്ച് ലഭ്യമാക്കാൻ മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർക്കും ആരോഗ്യവകുപ്പ് ഡയറക്ടർക്കും നിർദ്ദേശം നൽകിയിട്ടുണ്ടെന്നും മന്ത്രി സഭയിൽ വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *