തിരുവനന്തപുരം: ജെസ്‌ന തിരോധാനക്കേസില്‍ സിബിഐ കോടതിയില്‍ സമര്‍പ്പിച്ച ക്ലോഷര്‍ റിപ്പോര്‍ട്ടിലെ വിശദാംശങ്ങള്‍ പുറത്ത്. ജെസ്‌ന മതപരിവര്‍ത്തനം നടത്തിയിട്ടില്ല. ജെസ്‌ന മരിച്ചതിന് തെളിവില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ജെസ്‌നയുടെ തിരോധാനത്തില്‍ ക്രൈംബ്രാഞ്ചിന്റെ വാദങ്ങള്‍ തള്ളിക്കൊണ്ടാണ് സിബിഐ റിപ്പോര്‍ട്ട്.
ജെസ്‌നയെ സംബന്ധിച്ച ഒരു തെളിവും കണ്ടെത്താനായിട്ടില്ല. ജെസ്‌നയെ മതപരിവര്‍ത്തനത്തിന് വിധേയയാക്കിയിട്ടില്ല. കേരളത്തിനകത്തും പുറത്തുമുള്ള എല്ലാ മതപരിവര്‍ത്തനകേന്ദ്രങ്ങളിലും അന്വേഷിച്ചിരുന്നു. കേരളത്തില്‍ പൊന്നാനി, ആര്യസമാജം അടക്കമുള്ള സ്ഥലങ്ങളിലും അന്വേഷണം നടത്തിയിരുന്നു. എന്നാല്‍ ഒരു തെളിവും കണ്ടെത്താനായില്ല. തിരോധാനത്തിന് പിന്നിൽ തീവ്രവാദ സംഘടനകൾക്ക് പങ്കില്ല.
തമിഴ്‌നാട്, കര്‍ണാടക സംസ്ഥാനങ്ങളില്‍ നടത്തിയ അന്വേഷണത്തിലും ജെസ്‌നയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ലഭിച്ചില്ല. തിരോധാനക്കേസിൽ ഗോൾഡൻ അവർ ആയ ആദ്യ 48 മണിക്കൂർ പൊലീസ് പാഴാക്കിയെന്നും സിബിഐ റിപ്പോർട്ടിൽ സൂചിപ്പിക്കുന്നു.
കോവിഡ് കാലത്ത് ജസ്ന വാക്സിൻ എടുത്തതിനോ കോവിഡ് പോർട്ടലിൽ രജിസ്റ്റർ ചെയ്തതായോ തെളിവ് കണ്ടെത്താൻ സാധിച്ചിട്ടില്ല. രാജ്യത്ത് റിപ്പോർട്ട് ചെയ്ത അജ്ഞാത മൃതദേഹങ്ങൾ പരമാവധി പരിശോധിച്ചു. കേരളത്തിലെ ആത്മഹത്യ നടക്കാറുള്ള മേഖലകളിലും അന്വേഷണം നടത്തി. എന്നാൽ, ജസ്ന മരിച്ചതിന് തെളിവ് കണ്ടെത്താൻ സാധിച്ചിട്ടില്ല.
പിതാവിനെയും സുഹൃത്തിനെയും ബി.ഇ.ഒ.എസ്. ടെസ്റ്റിന് വിധേയമാക്കി. അവർ നൽകിയ മൊഴിയെല്ലാം സത്യമാണ്. ജസ്ന സമൂഹമാധ്യമങ്ങൾ ഉപയോഗിക്കുന്ന പതിവില്ല.
ജെസ്നയെ കണ്ടെത്താൻ ഇന്റർപോളിന്റെ സഹായവും അധികൃതർ തേടിയിട്ടുണ്ട്.പിന്നാലെ, സി.ബി.ഐ. ഇന്റർപോൾവഴി 191 രാജ്യങ്ങളിൽ യെല്ലോ നോട്ടീസ് ഇറക്കിയിരുന്നു. ഏതെങ്കിലും വിദേശരാജ്യങ്ങളിൽ ഉണ്ടെങ്കിൽ കണ്ടെത്തുന്നതിനാണ് നോട്ടീസ് നൽകിയത്. ഇന്റർപോളിൽ നിന്നും യെല്ലോ നോട്ടീസിന്റെ അടിസ്ഥാനത്തിൽ എന്തെങ്കിലും വിവരം ലഭിച്ചാൽ മാത്രമേ തുടരന്വേഷണത്തിന് സാധ്യതയുള്ളൂ എന്ന് ചൂണ്ടിക്കാണിച്ചുകൊണ്ടാണ് സിബിഐ റിപ്പോർട്ട് സമർപ്പിച്ചിരിക്കുന്നത്.
There is no ads to display, Please add some