തിരുവനന്തപുരം: ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയുടെ വിദേശയാത്രയുമായി ബന്ധപ്പെട്ട കുറിപ്പില്‍, സിപിഎം നേതാവ് കെ എസ് അരുണ്‍ കുമാറിനെതിരെ കേസെടുത്ത നടപടിയെ വിമര്‍ശിച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍. ജനാധിപത്യപരമായ വിമര്‍ശനങ്ങളെയും ചോദ്യങ്ങളെയും അധികാരത്തിന്റെ മര്‍ക്കടമുഷ്ടി കൊണ്ടു നേരിടാമെന്ന ഏകാധിപത്യ സമീപനമാണ് യുഡിഎഫ് സര്‍ക്കാര്‍ സ്വീകരിക്കുന്നതെന്ന് പിണറായി വിജയന്‍ ആരോപിച്ചു.

ജനാധിപത്യ വിരുദ്ധമായ ഈ നടപടിയില്‍ വിമര്‍ശനങ്ങളോടുള്ള സര്‍ക്കാരിന്റെ അങ്ങേയറ്റത്തെ അസഹിഷ്ണുതയാണ് പ്രതിഫലിക്കുന്നത്. ആഭ്യന്തര മന്ത്രിക്കെതിരെയല്ല, മറിച്ച്, ഈ വിഷയത്തിലെ മാധ്യമസമീപനത്തെ കുറിച്ചാണ് അരുണ്‍കുമാര്‍ പ്രതികരിച്ചത്. എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് മന്ത്രിമാര്‍ ഏത് കാറില്‍ കയറുന്നു എന്നുവരെ ഭൂതക്കണ്ണാടി വെച്ച് മാധ്യമങ്ങള്‍ അന്വേഷിച്ചിരുന്നു. ഇപ്പോള്‍ മൗനം പുലര്‍ത്തുന്ന മാധ്യമങ്ങളുടെ ഇരട്ടത്താപ്പാണ് അരുണ്‍കുമാര്‍ ചൂണ്ടിക്കാണിച്ചത്.

രാഷ്ട്രീയ വിമര്‍ശനങ്ങളെ പൊലീസിനെ ഉപയോഗിച്ച് ഭയപ്പെടുത്താമെന്നത് വ്യാമോഹം മാത്രമാണ്. ഇത്തരം വിരട്ടലുകള്‍ക്ക് മുന്നില്‍ മുട്ടുമടക്കുന്നവരല്ല കേരളത്തിലെ ജനാധിപത്യ സമൂഹം. കെ എസ് അരുണ്‍കുമാറിന് പൂര്‍ണ്ണ പിന്തുണ പ്രഖ്യാപിക്കുന്നു. അഭിപ്രായ സ്വാതന്ത്ര്യത്തിന് മേലുള്ള ഈ കടന്നുകയറ്റത്തിനും ജനാധിപത്യ ധ്വംസനത്തിനുമെതിരെ പൊതുസമൂഹത്തില്‍ നിന്ന് ശക്തമായ പ്രതിഷേധം ഉയര്‍ന്നു വരണമെന്നും പിണറായി വിജയന്‍ ആവശ്യപ്പെട്ടു.

ജനാധിപത്യപരമായ വിമര്‍ശനങ്ങളെയും ചോദ്യങ്ങളെയും അധികാരത്തിന്റെ മര്‍ക്കടമുഷ്ടി കൊണ്ടു നേരിടാമെന്ന ഏകാധിപത്യ സമീപനമാണ് യുഡിഎഫ് സര്‍ക്കാര്‍ സ്വീകരിക്കുന്നത്. സംസ്ഥാനത്തെ ആഭ്യന്തരമന്ത്രിയുടെ വിദേശയാത്രയുടെ പശ്ചാത്തലത്തില്‍ സമൂഹമാധ്യമത്തില്‍ പ്രസക്തമായ ചില ചോദ്യങ്ങള്‍ ഉന്നയിച്ചതിന്റെ പേരിലാണ് സഖാവ് കെ.എസ് അരുണ്‍കുമാറിനെതിരെ ഇപ്പോള്‍ പൊലീസ് കേസെടുത്തിരിക്കുന്നത്.

തീര്‍ത്തും ജനാധിപത്യ വിരുദ്ധമായ ഈ നടപടിയില്‍ വിമര്‍ശനങ്ങളോടുള്ള സര്‍ക്കാരിന്റെ അങ്ങേയറ്റത്തെ അസഹിഷ്ണുതയാണ് പ്രതിഫലിക്കുന്നത്.

ആഭ്യന്തര മന്ത്രിക്കെതിരെ പോലുമല്ല, മറിച്ച്, ഈ വിഷയത്തിലെ മാധ്യമസമീപനത്തെ കുറിച്ചാണ് അരുണ്‍കുമാര്‍ പ്രതികരിച്ചത്. കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് മന്ത്രിമാര്‍ ഏത് കാറില്‍ കയറുന്നു എന്ന് വരെ ഭൂതക്കണ്ണാടി വെച്ച് അന്വേഷിച്ച മാധ്യമങ്ങള്‍, യുഡിഎഫ് മന്ത്രിമാരുടെ കാര്യത്തില്‍ പുലര്‍ത്തുന്ന മൗനം വലതുപക്ഷത്തിന് അവര്‍ നല്‍കുന്ന പ്രത്യേക ആനുകൂല്യമാണ്. ഈ ഇരട്ടത്താപ്പാണ് അരുണ്‍കുമാര്‍ ചൂണ്ടിക്കാണിച്ചത്.

രാഷ്ട്രീയ വിമര്‍ശനങ്ങളെ പൊലീസിനെ ഉപയോഗിച്ച് ഭയപ്പെടുത്താമെന്നത് വ്യാമോഹം മാത്രമാണ്. ഇത്തരം വിരട്ടലുകള്‍ക്ക് മുന്നില്‍ മുട്ടുമടക്കുന്നവരല്ല കേരളത്തിലെ ജനാധിപത്യ സമൂഹം. സഖാവ് കെ.എസ് അരുണ്‍കുമാറിന് പൂര്‍ണ്ണ പിന്തുണ പ്രഖ്യാപിക്കുന്നു. അഭിപ്രായ സ്വാതന്ത്ര്യത്തിന് മേലുള്ള ഈ കടന്നുകയറ്റത്തിനും ജനാധിപത്യ ധ്വംസനത്തിനുമെതിരെ പൊതുസമൂഹത്തില്‍ നിന്ന് ശക്തമായ പ്രതിഷേധം ഉയര്‍ന്നു വരണം.

Leave a Reply

Your email address will not be published. Required fields are marked *