ചെന്നൈ: 64 ദിവസം, 73 മത്സരം… പതിനേഴാമത് ഐ.പി.എൽ. ക്രിക്കറ്റ് അതിദീർഘമായ യാത്രകഴിഞ്ഞ് ആവേശത്തിന്റെ ഫൈനലിൽ എത്തിക്കഴിഞ്ഞു. ഇനി ശേഷിക്കുന്നത് ഒരേയൊരു മത്സരം.

റൺഒഴുക്കിലും സിക്സുകളിലും റെക്കോഡിട്ട ടൂർണമെന്റിൽ കൊൽക്കത്ത നൈറ്റ്‌റൈഡേഴ്‌സും സൺറൈസേഴ്‌സ് ഹൈദരാബാദും തമ്മിലുള്ള ‘ടർബോ ഫൈനൽ’ ഇന്ന് രാത്രി 7.30 മുതൽ ചെന്നൈയിൽ.
കൊൽക്കത്ത ടീം മൂന്നാംകിരീടം ലക്ഷ്യമിടുമ്പോൾ രണ്ടാംകിരീടം മോഹിച്ചാണ് ഹൈദരാബാദ് എത്തുന്നത്.

ടൂർണമെന്റിലെ തുടക്കംമുതൽ സ്ഥിരതയാടെ കളിക്കുന്ന കൊൽക്കത്ത ടീമിന് ടൂർണമെന്റിലെ രണ്ടാംപകുതിയിൽ കാര്യമായ വെല്ലുവിളി നേരിടേണ്ടിവന്നിട്ടില്ല. പോയിന്റുപട്ടികയിൽ ഒന്നാംസ്ഥാനക്കാരായി പ്രാഥമികഘട്ടം അവസാനിപ്പിച്ച സംഘം പ്ലേ ഓഫിലെത്തുന്ന ആദ്യ ടീമായി. നോക്കൗട്ടിലെ ഒന്നാം ക്വാളിഫയറിൽ ഇതേ ഹൈദരാബാദിനെ ആധികാരികമായി തോൽപ്പിച്ച് ഫൈനലിലുമെത്തി.

അതേസമയം ഈ ഐ.പി.എലിലെ കരുത്തേറിയ ബാറ്റിങ് സംഘമാണ് ഹൈദരാബാദ്. ആറുതവണ ടീം 200 റൺസ് കടന്നു. ഐ.പി.എലിൽ ഒരു ടീമിന്റെ ഉയർന്ന ടോട്ടലും (287) കുറിച്ചു. ഈ സീസണിൽ കൂടുതൽ സിക്സ് (42) നേടിയ അഭിഷേക് ശർമയും ഹൈദരാബാദിലാണ്. എന്നാൽ, കയറ്റിറക്കങ്ങളിലൂടെയാണ് ടീം പ്ലേ ഓഫിലെത്തിയത്.

ചെന്നൈ സ്റ്റേഡിയത്തിൽ വെള്ളിയാഴ്ച ഹൈദരാബാദ്-രാജസ്ഥാൻ രണ്ടാം ക്വാളിഫയർ നടന്ന അതേ പിച്ചിലായിരിക്കും ഫൈനൽ എന്നാണ് സൂചന.

ഹൈദരാബാദിന്റെ സ്പിന്നർമാർക്ക് വ്യക്തമായ ആനുകൂല്യം കിട്ടിയതോടെ രാജസ്ഥാന് ചേസിങ് ബുദ്ധിമുട്ടായി. ശനിയാഴ്ച മഴപെയ്തതോടെ പ്രവചനം അസാധ്യമായ അവസ്ഥയിലാണ്.
