ടി20 ലോകകപ്പിന്‍റെ രണ്ടാം സെമിയില്‍ ഇംഗ്ലണ്ടിന് മുന്നില്‍ വിറച്ചെങ്കിലും വീഴാതെ ഇന്ത്യ ഫൈനലില്‍. ഇന്ത്യ ഉയര്‍ത്തിയ 254 റണ്‍സിന്‍റെ കൂറ്റന്‍ വിജയലക്ഷ്യം പിന്തുടര്‍ന്ന ഇംഗ്ലണ്ട് ജേക്കബ് ബെഥേലിന്‍റെ വെടിക്കെട്ട് സെഞ്ചുറി കരുത്തില്‍ ലക്ഷ്യത്തിന് അടുത്തെത്തിയെങ്കിലും 7 റണ്‍സകലെ പൊരുതി വീണു. നാലാമനായി ഇറങ്ങി 48 പന്തില്‍ 105 റണ്‍സടിച്ച ജേക്കബ് ബെഥേലാണ് ഇംഗ്ലണ്ടിന്‍റെ ടോപ് സ്കോറർ.

35 റണ്‍സെടുത്ത വില്‍ ജാക്സുമൊത്ത് അഞ്ചാം വിക്കറ്റില്‍ 39 പന്തില്‍ 77 റണ്‍സ് കൂട്ടുകെട്ടുയര്‍ത്തിയ ബെഥേല്‍ ഇന്ത്യൻ ആരാധകരുടെ മനസില്‍ തീ കോരിയിട്ടെങ്കിലും അവസാന മൂന്നോവറില്‍ ഇന്ത്യ എറിഞ്ഞു പിടിച്ചു. അവസാന മൂന്നോവറില്‍ 45 റണ്‍സായിരുന്നു ഇംഗ്ലണ്ടിന് ജയിക്കാന്‍ വേണ്ടിയിരുന്നത്. പതിനെട്ടാം ഓവര്‍ എറിഞ്ഞ ജസ്പ്രീത് ബുമ്ര ആറ് റണ്‍സ് മാത്രമാണ് വഴങ്ങിയത്. പത്തൊമ്പതാം ഓവര്‍ എറിഞ്ഞ ഹാര്‍ദ്ദിക് പാണ്ഡ്യ ഒമ്പത് റണ്‍സ് വഴങ്ങി സാം കറന്‍റെ വിക്കറ്റെടുത്തപ്പോള്‍ ഇംഗ്ലണ്ടിന്‍റെ വിജയലക്ഷ്യം അവസാന ഓവറില്‍ 30 റണ്‍സായി.

ശിവം ദുബെ എറിഞ്ഞ അവസാന ഓവറില്‍ ആദ്യ പന്തില്‍ തന്നെ രണ്ടാം റണ്ണോടിയ ജേക്കബ് ബെഥേലിനെ ഹാര്‍ദ്ദിക് പാണ്ഡ്യയുടെ ത്രോയില്‍ സഞ്ജു സാംസണ്‍ റണ്ണൗട്ടാക്കിയതോടെ ഇംഗ്ലണ്ടിന്‍റെ പ്രതീക്ഷയറ്റു. അടുത്ത രണ്ട് പന്തുകളില്‍ ഓരോ റണ്ണെടുക്കാനെ ആര്‍ച്ചര്‍ക്കും ഓവര്‍ടണും കഴിഞ്ഞുള്ളു. നാലാം പന്തില്‍ വൈഡ് വഴങ്ങിയ ദുബെ അവസാന മൂന്ന് പന്തിലും സിക്സ് വഴങ്ങിയെങ്കിലും ഏഴ് റണ്‍സകലെ ഇംഗ്ലണ്ട് വീണു. ഞായറാഴ്ച അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ നടക്കുന്ന ഫൈനലില്‍ ന്യൂസിലന്‍ഡാണ് ഇന്ത്യയുടെ എതിരാളികള്‍.

Leave a Reply

Your email address will not be published. Required fields are marked *

You missed