കേപ്ടൗൺ: ദക്ഷിണാഫ്രിക്കയ്ക്കെതിരായ രണ്ടാം ടെസ്റ്റിൽ ഇന്ത്യയ്ക്ക് നാല് വിക്കറ്റ് നഷ്ടം. നിലവിൽ ഇന്ത്യൻ സ്കോർ നാലിന് 136 റൺസെന്ന നിലയിലാണ്. 42 റൺസുമായി പുറത്താകാതെ നിൽക്കുന്ന വിരാട് കോഹ്‌ലിയിലാണ് ഇന്ത്യൻ പ്രതീക്ഷകൾ മുഴുവൻ. നിലവിൽ ഇന്ത്യയ്ക്ക് 81 റൺസിന്റെ ലീഡുണ്ട്.
മത്സരത്തിൽ ടോസ് നേടിയ ദക്ഷിണാഫ്രിക്ക ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. സെഞ്ചൂറിയനിലെ കണക്ക് തീർക്കുന്ന പ്രകടനത്തിലൂടെ ഒന്നാം ഇന്നിംഗ്സിൽ ദക്ഷിണാഫ്രിക്കയെ ഇന്ത്യ തകർത്തെറിഞ്ഞു. മുഹമ്മദ് സിറാജിന്റെ മിന്നലാക്രമണമാണ് ഇന്ത്യയ്ക്ക് മേൽക്കൈ നൽകിയത്. ഒമ്പത് ഓവറിൽ മൂന്ന് മെയ്ഡനടക്കം 15 റൺസ് വിട്ടുനൽകി സിറാജ് ആറ് വിക്കറ്റ് വീഴ്ത്തി. ആദ്യ ഇന്നിംഗ്സിൽ ദക്ഷിണാഫ്രിക്ക നേടിയത് 55 റൺസ് മാത്രമാണ്.
ടെസ്റ്റ് ക്രിക്കറ്റിൽ ഇന്ത്യയ്ക്കെതിരായ ദക്ഷിണാഫ്രിക്കയുടെ ഏറ്റവും കുറഞ്ഞ സ്കോറാണിത്. അത് സ്വന്തം മണ്ണിലായെന്നത് ഇരട്ടപ്രഹരമായി. രണ്ട് പേർക്ക് മാത്രമാണ് ദക്ഷിണാഫ്രിക്കൻ നിരയിൽ രണ്ടക്കം കടക്കാനായത്. 15 റൺസെടുത്ത കെയ്ല്‍ വെറെയ്‌നെയാണ് ടോപ് സ്കോർ. സിറാജിനെ പിന്തുണ നൽകിയ മുകേഷ് കുമാറും ജസ്പ്രീത് ബുംറയും രണ്ട് വിക്കറ്റുകൾ വീതവും വീഴ്ത്തി.
മറുപടി ബാറ്റിംഗിൽ ഇന്ത്യയെ ക്യാപ്റ്റൻ രോഹിത് ശർമ്മ മുന്നിൽനിന്ന് നയിച്ചു. 50 പന്തിൽ ഏഴ് ഫോർ ഉൾപ്പടെ 39 റൺസ് നേടി. ശുഭ്മാൻ ഗിൽ 36 റൺസെടുത്തു. യശസി ജയ്സ്വാളും ശ്രേയസ് അയ്യരും പൂജ്യത്തിന് പുറത്തായി. ദക്ഷിണാഫ്രിക്കയ്ക്കായി നന്ദ്രേ ബർഗർ മൂന്ന് വിക്കറ്റുകൾ വീഴ്ത്തി.
There is no ads to display, Please add some