‘ദി കേരള സ്റ്റോറി’യ്ക്ക് എ സർട്ടിഫിക്കറ്റ്; ചിത്രത്തിന് 10 മാറ്റങ്ങളോടെ പ്രദർശനാനുമതി

ന്യൂഡൽഹി: വിവാദ ചിത്രം ‘ ദി കേരള സ്റ്റോറിക്ക് ’ എ സർട്ടിഫിക്കറ്റോടെ കേന്ദ്രസെൻസർ ബോർഡിന്റെ പ്രദർശനാനുമതി.സിനിമയിലെ 10 ദൃശ്യങ്ങൾ നീക്കം ചെയ്യാൻ നിർദ്ദേശിച്ച ശേഷമാണ് സിനിമയ്‌ക്കെതിരെ കടുത്ത വിമര്‍ശനം ഉയരുന്നതിനിടയിലും പ്രദർശനാനുമതി നൽകിയിരിക്കുന്നത്.

വിപുൽ അമൃത്‌ലാൽ ഷാ പ്രൊഡക്‌ഷന്റെ ബാനറിൽ സുദീപ്തോ സെൻ സംവിധാനം ചെയ്ത സിനിമ കേരളത്തെ അധിക്ഷേപിക്കുന്നതാണ് എന്നാണു വിമർശനം. കേരളത്തിലും പുറത്തും വലിയ പ്രതിഷേധമുണ്ട്. സിനിമ നിരോധിക്കണമെന്നും ആവശ്യമുയർന്നു.മുഖ്യമന്ത്രി പിണറായി വിജയൻ ഉൾപ്പെടെയുള്ളവർ വിമർശനവുമായി രംഗത്തെത്തി.

തീവ്രവാദികള്‍ക്കുള്ള ധനസഹായം പാകിസ്താന്‍ വഴി അമേരിക്കയും നല്‍കുന്നു എന്ന സംഭാഷണം. ഹിന്ദുക്കളെ അവരുടെ ആചാരങ്ങള്‍ ചെയ്യാന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി സമ്മതിക്കുന്നില്ല എന്ന സംഭാഷണ ഭാഗം. ഇന്ത്യന്‍ കമ്യൂണിസ്റ്റുകള്‍ അവസരവാദിയാണ് എന്ന പറയുന്നിടത്ത് നിന്ന് ഇന്ത്യന്‍ കമ്യൂണിസ്റ്റ് എന്നതില്‍ ഇന്ത്യന്‍ എന്ന് നീക്കം ചെയ്യണം. അവസാനം കാണിക്കുന്ന തീവ്രവാദത്തെ പരാമര്‍ശിക്കുന്ന മുന്‍മുഖ്യമന്ത്രിയുടെ അഭിമുഖം ഒഴിവാക്കണമെന്നും സെന്‍സര്‍ ബോര്‍ഡ് പറയുന്നു.

അതേസമയം ദി കേരള സ്റ്റോറിക്കെതിരെ ഡൽഹി ജവഹർലാൽ നെഹ്റു യൂണിവേഴ്സിറ്റിയിലെ വിദ്യാർത്ഥികൾ ഇന്ന് പ്രതിഷേധിക്കും. എസ്എഫ്ഐയുടെ നേതൃത്വത്തിലാണ് പ്രതിഷേധം നടക്കുക. ജെഎൻയുവിലെ സബർമതി ധാബയിലാണ് പ്രതിഷേധം. സമൂഹത്തെ ധ്രുവീകരിക്കാനുള്ള ശ്രമമാണ് സിനിമയെന്ന് എസ്.എഫ്.ഐ പറഞ്ഞു.