നടൻ ഹക്കിം ഷാജഹാനും നടി സന അൽത്താഫും വിവാഹിതരായി. സന അൽത്താഫ് ആണ് വിവാഹ വാര്‍ത്ത ഇൻസ്റ്റഗ്രാമിലൂടെ പങ്കുവച്ചത്. റജിസ്റ്റർ വിവാഹമായിരുന്നു. ചടങ്ങുകളുടെ ചിത്രങ്ങളും നടി പങ്കുവച്ചിട്ടുണ്ട്.

തൊടുപുഴ പെരുംമ്പള്ളിച്ചിറയാണ് ഹക്കിമിന്റെ സ്വദേശം. മാർട്ടിൻ പ്രക്കാട്ട് സംവിധാനം ചെയ്ത എബിസിഡിയിലാണ് ആദ്യം അഭിനയിക്കുന്നത്. അതിനു ശേഷം മാർട്ടിൻ പ്രക്കാട്ടിന്റെ തന്നെ ചാർളിയിൽ സഹ സംവിധായകനായി പ്രവർത്തിച്ചു.

രക്ഷാധികാരി ബൈജു, കൊത്ത്, വിശുദ്ധ മെജോ, പ്രിയൻ ഓട്ടത്തിലാണ്, അർച്ചന 31 തുടങ്ങിയ ഒരുപിടി ചിത്രങ്ങളിൽ അഭിനയിച്ചു. 2021ല്‍ പുറത്തിറങ്ങിയ ഫ്രീഡം അറ്റ് മിഡ്‌നൈറ്റ് എന്ന ഷോര്‍ട്ട്ഫിലിമിലെ പ്രകടനം ശ്രദ്ധേയമായിരുന്നു.

കടസീല ബിരിയാണി എന്ന തമിഴ് ചിത്രത്തിലും അഭിനയിച്ചു. പ്രണയ വിലാസം, കടകൻ എന്നിവയാണ് പുതിയ സിനിമകൾ. ഷാനവാസ് ബാവക്കുട്ടി സംവിധാനം ചെയ്യുന്ന ഒരു കട്ടിൽ ഒരു മുറി, പൊറാട്ട് നാടകം എന്നീ സിനിമകളാണ് ഇനി റിലീസിനൊരുങ്ങുന്നത്.

കാക്കനാടാണു സനയുടെ സ്വദേശം. വിക്രമാദിത്യനിൽ ദുൽഖറിന്റെ സഹോദരി വേഷത്തിലൂടെയാണു സന അഭിനയരംഗത്തേക്കു കടന്നത്. കൊറിയോഗ്രഫറായ ബന്ധു സജ്ന വഴിയാണു ലാൽജോസ് ചിത്രത്തിൽ സനയ്ക്ക് ആദ്യ അവസരം ലഭിച്ചത്. തുടർന്നു മറിയം മുക്കിൽ ഫഹദ് ഫാസിലിന്റെ നായിക സലോമിയായും വേഷമിട്ടു. റാണി പത്‌മിനിയും ബഷീറിന്റെ പ്രേമലേഖനവും ഒടിയനും മലയാളത്തിൽ ശ്രദ്ധിക്കപ്പെട്ടപ്പോൾ തമിഴിൽ ചെന്നൈ 28ന്റെ രണ്ടാം ഭാഗത്തിലും ആർകെ നഗറിലും പ്രധാന വേഷങ്ങൾ ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *

You missed