കേരളത്തില്‍ ദിവസങ്ങള്‍ക്ക് ശേഷം സ്വര്‍ണവിലയില്‍ വന്‍ വര്‍ധനവ്. കഴിഞ്ഞ ദിവസങ്ങളില്‍ ഏറിയും കുറഞ്ഞും നിന്നിരുന്ന സ്വര്‍ണം ഇന്ന് 1800 രൂപയോളം കൂടി. വിപണിയില്‍ മറ്റു മേഖലകളില്‍ വേണ്ടത്ര പ്രതീക്ഷ നിക്ഷേപകര്‍ക്ക് ലഭിക്കാത്തതാണ് എല്ലാവരും സ്വര്‍ണത്തിലേക്ക് തിരിയാന്‍ കാരണം. ആഗോള വിപണിയില്‍ സ്വര്‍ണവില കുതിച്ചിട്ടുണ്ട്.

അമേരിക്കയുടെ ക്രെഡിറ്റ് റേറ്റിങ് കുറച്ചതിനോട് വിപണി ഇന്നലെ മുതലാണ് പ്രതികരിച്ചു തുടങ്ങിയത്. വന്‍തോതിലുള്ള നിക്ഷേപം ആശാവഹമല്ല എന്ന് വ്യവസായികള്‍ കരുതുന്നു. പണം നഷ്ടമാകാതിരിക്കാന്‍ സ്വര്‍ണത്തില്‍ നിക്ഷേപിക്കുകയാണ് അവര്‍. ഇതോടെ സ്വര്‍ണത്തിന് ആവശ്യം ഏറിയത് വില കൂടാന്‍ കാരണമായി. ഇതേ ട്രെന്‍ഡ് തുടര്‍ന്നാല്‍ വരുംദിവസങ്ങളിലും വില കുതിക്കും. പഴയ സ്വര്‍ണം വില്‍ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് നല്ല ദിനമാണിന്ന്.

കേരളത്തില്‍ ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന് 71440 രൂപയാണ് വില. 1760 രൂപയാണ് കൂടിയിരിക്കുന്നത്. 22 കാരറ്റ് ഗ്രാമിന് 220 രൂപ വര്‍ധിച്ച് 8930 രൂപയായി. ഒരു പവന്‍ ആഭരണം വാങ്ങുന്നവര്‍ക്ക് പണിക്കൂലിയും ജിഎസ്ടിയും ഹാള്‍മാര്‍ക്കിങ് ചാര്‍ജും ചേരുമ്പോള്‍ 77000 രൂപ വരെ ചുരുങ്ങിയ ചെലവ് പ്രതീക്ഷിക്കാം. പഴയ സ്വര്‍ണം ഒരു പവന്‍ വില്‍ക്കുന്നവര്‍ക്ക് 1400 രൂപയ്ക്കും 2800 രൂപയ്ക്കുമിടയിലുള്ള തുക കുറച്ച് കൈയ്യില്‍ കിട്ടും.
