തൃശൂര്‍: കൊടുങ്ങല്ലൂരില്‍ ആത്മഹത്യ ചെയ്ത 18 കാരന്‍ മുഹമ്മദ് അസ്ലം, ഭീഷണിപ്പെടുത്തി പണം തട്ടാന്‍ ആസൂത്രണം നടത്തിയെന്നതിന്റെ ശബ്ദരേഖ പുറത്തുവിട്ട് പെണ്‍കുട്ടിയുടെ കുടുംബം. അസ്ലം സുഹൃത്തിനോട് ഇക്കാര്യം പറയുന്ന ഓഡിയോയാണ്, കേസിലെ പരാതിക്കാരിയായ പെണ്‍കുട്ടിയുടെ കുടുംബം പുറത്തുവിട്ടത്. കള്ളക്കേസില്‍ കുടുക്കിയതിലും പൊലീസ് മര്‍ദ്ദനത്തിലും മനംനൊന്താണ് അസ്ലം ജീവനൊടുക്കിയതെന്ന് പിതാവ് നൗഷാദ് ആരോപിച്ചിരുന്നു.

പെണ്‍കുട്ടിയുടെ കയ്യില്‍ നിന്നാണെങ്കില്‍ മൂന്നെണ്ണം തന്നാല്‍ മതിയെന്നും. അവളുടെ ചേച്ചിയില്‍ നിന്നും വാങ്ങുകയാണെങ്കില്‍ പണമായിട്ടേ വാങ്ങുകയുള്ളൂവെന്നും പറയുന്നതായാണ് ഓഡിയോയിലുള്ളത്. ‘ചേച്ചിയുടെ കയ്യില്‍ നിന്നാണെങ്കില്‍ മൂന്നു ലക്ഷം രൂപ വാങ്ങിക്കും. അതിനുള്ള വകുപ്പ് വിത്ത് പ്രൂഫ് ആയി ഉണ്ടാക്കും. ഞാന്‍ എന്റെ കയ്യിലുള്ളതെല്ലാം അയക്കും. അപ്പോള്‍ അവളുടെ ചേച്ചി ലീക്ക് ആകാതിരിക്കാന്‍ സമ്മതിക്കും. അവളുടെ ചേച്ചി ജര്‍മ്മനി, യുകെ, കാനഡ എന്നിവിടങ്ങളിലെല്ലാം പോകുന്നതാണല്ലോ. അവളേക്കാളും കൂടുതല്‍ പൈസ ചേച്ചിയുടെ കയ്യിലുണ്ടാകും. ഞാന്‍ ചിലപ്പോ ഇത്തിരി കൂട്ടിയും പറയും. അപ്പോള്‍ അവള്‍ തന്നെ റെഡിയാക്കി തന്നോളും’ എന്നും ഓഡിയോ സന്ദേശത്തിലുണ്ട്.

നാലുമാസമായി പെണ്‍കുട്ടി അസ്ലത്തെ ഫോണില്‍ ബ്ലോക്ക് ചെയ്തിരുന്നു. ഇതേത്തുടര്‍ന്നാണ് പെണ്‍കുട്ടിയുടെ പരിചയക്കാരന്‍ കൂടിയായ സുഹൃത്തിന് അസ്ലം സന്ദേശം അയക്കുന്നത്. പെണ്‍കുട്ടിയോട് ഫോണ്‍ എടുക്കാന്‍ പറയണം. അല്ലെങ്കില്‍ തന്റെ പക്കലുള്ള ചിത്രങ്ങള്‍ പ്രചരിപ്പിക്കുമെന്നും പറഞ്ഞിരുന്നു. പെണ്‍കുട്ടിയുടെ വിദേശത്തുള്ള ചേച്ചിക്കും യുവാവ് മെസ്സേജ് അയച്ചിരുന്നു. ഇതേത്തുടര്‍ന്നാണ് പണവും സ്വര്‍ണ്ണവും കൈക്കലാക്കാനാണ് യുവാവിന്റെ ശ്രമമെന്ന് പെണ്‍കുട്ടിയുടെ കുടുംബം നിഗമനത്തിലെത്തുന്നത്.

Leave a Reply

Your email address will not be published. Required fields are marked *