ഒറ്റപ്പാലം: വിലക്കുറവിൽ തമിഴ്നാട്ടിൽനിന്നും മറ്റും പടക്കം വാങ്ങി തീവണ്ടിയിൽ വരാമെന്ന ചിന്ത വേണ്ട. പിടിവീഴുമെന്നു മാത്രമല്ല, തടവും പിഴയും കിട്ടും. വിഷു പ്രമാണിച്ച് തീവണ്ടികളിൽ പടക്കമെത്തിക്കാനുള്ള സാധ്യത മുന്നിൽക്കണ്ടാണ് ആർ.പി.എഫ്. ക്രൈം പ്രിവൻഷൻ ആൻഡ് ഡിറ്റക്ഷൻ സ്ക്വാഡ് പരിശോധന തുടങ്ങിയത്. യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കാനായിട്ടാണ് നടപടി.
പാലക്കാട്, മംഗലാപുരം, എറണാകുളം, തിരുവനന്തപുരം തുടങ്ങിയ സ്റ്റേഷനുകൾ കേന്ദ്രീകരിച്ചാണ് സ്ക്വാഡുകളുടെ പ്രവർത്തനം.എസ്.ഐ.യോ എ.എസ്.ഐ.യോ നേതൃത്വം നൽകുന്ന നാലംഗസംഘമാണ് ഓരോ സ്ക്വാഡിലും ഉണ്ടാവുക. സ്ക്വാഡുകൾ മാറി മാറി 24 മണിക്കൂറും പരിശോധന നടത്തും.മഫ്തിയിലാണ് പരിശോധനക്കെത്തുക.
പിടിച്ചാൽ റെയിൽവേ നിയമം 164, 165 വകുപ്പുകൾ പ്രകാരമാണ് കേസെടുക്കുക. മൂന്ന് വർഷംവരെ തടവോ 1000 രൂപ പിഴയോ രണ്ടും കൂടിയോ ശിക്ഷ ലഭിക്കുന്ന കുറ്റമാണിത്. കനത്ത ചൂടുള്ള കാലാവസ്ഥയിൽ പടക്കം പൊട്ടിത്തെറിക്കാനും തീവണ്ടിക്ക് തീ പിടിക്കാനും സാധ്യതയുള്ളതിനാലാണ് നടപടി കർശനമാക്കിയിരിക്കുന്നത്.