എഡിഎം നവീൻ ബാബുവിനെതിരായ കൈക്കൂലി ആരോപണം വ്യാജമാണെന്നതിന് കൂടുതൽ തെളിവുകള്‍ പുറത്ത്. പരാതി വ്യാജമാണെന്നത് ശരിവെക്കുന്ന തരത്തിലുള്ള മറ്റൊരു തെളിവ് കൂടിയാണിപ്പോള്‍ പുറത്തുവന്നത്. പെട്രോള്‍ പമ്പിനായുള്ള എൻഒസി ഫയലിലെ ഒപ്പും പരാതിയിലെ ഒപ്പും വ്യത്യസ്തമാണെന്നാണ് കണ്ടെത്തൽ.

എൻഒസി ഫയലിലെ ഒപ്പും പാട്ടക്കരാറിലെ ഒപ്പും സമാനമാണ്. എന്നാൽ, എൻഒസി ഫയലിൽ ടിവി പ്രശാന്ത് എന്നാണ് പേര് നൽകിയിരിക്കുന്നത്. കൈക്കൂലി ആരോപണത്തിൽ മുഖ്യമന്ത്രിക്ക് നല്‍കിയെന്ന് പറയപ്പെടുന്ന പരാതിയിൽ പ്രശാന്തൻ ടിവി എന്നാണ് പേരുള്ളത്.

നേരത്തെ പെട്രോൾ പമ്പിനുള്ള പാട്ടക്കരാറിലും കൈക്കൂലി സംബന്ധിച്ച പരാതിയിലും പ്രശാന്തന്‍റെ ഒപ്പ് വ്യത്യസ്തമാണെന്ന വാര്‍ത്തയും പുറത്തുവന്നിരുന്നു. ഇതിനുപിന്നാലെയാണ് വ്യാജ പരാതിയാണെന്നതിന് കൂടുതൽ തെളിവായി എൻഒസിയിലെ ഒപ്പും പരാതിയിലെ ഒപ്പും വ്യത്യസ്തമാണെന്ന വിവരം പുറത്തുവരുന്നത്.
