എരുമേലി: കാട്ടുപോത്തിന്റെ ആക്രമണത്തിൽ കണമലയിൽ രണ്ട് കർഷകർ കൊല്ലപ്പെട്ടതിനെ തുടർന്ന് എംഎൽഎ സെബാസ്റ്റ്യൻ കുളത്തുങ്കൽ മുണ്ടക്കയത്ത് വിളിച്ചു ചേർത്ത യോഗത്തിന്റെ ഫലമായി എരുമേലി, മുണ്ടക്കയം പഞ്ചായത്തുകളിലെ വനാതിർത്തികളെ ബന്ധിപ്പിച്ച് 26.5 കിലോമീറ്റർ ദൂരത്തിൽ ഹാങ്ങിങ് ഫെൻസിങ് വേലി നിർമിക്കാൻ ഫണ്ടായി. ഒപ്പം കണ്ണിമല ഭാഗത്ത് ട്രഞ്ച് നിർമിക്കാനും ഫണ്ടായെന്ന് വനം വകുപ്പ് എരുമേലി റേഞ്ച് ഓഫിസർ ബി ആർ ജയൻ പറഞ്ഞു.

രാഷ്ട്രീയ കാർഷിക വികാസ് യോജന സ്കീമിൽ 20 കിലോമീറ്റർ ദൂരവും നബാർഡ് ഫണ്ടിൽ ആറര കിലോമീറ്റർ ദൂരവും ആണ് ഹാങ്ങിങ് ഫെൻസിങ് നിർമിക്കുക. ഇതിന് പുറമെ ഇടുക്കി ജില്ലയുടെ പാക്കേജിൽ പെടുത്തി കോട്ടയം, ഇടുക്കി ജില്ലകളിലെ പമ്പാവാലി, എയ്ഞ്ചൽവാലി വനാതിർത്തിയിൽ ഹാങ്ങിങ് ഫെൻസിങ് നിർമിക്കാൻ പദ്ധതി തയ്യാറായിട്ടുണ്ട്. പദ്ധതി നടപ്പിലായാൽ എരുമേലി പഞ്ചായത്തിലെ മുഴുവൻ വന മേഖലയും ഹാങ്ങിങ് ഫെൻസിങ്ങിൽ വലയം ചെയ്യാനാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. എരുമേലിയിൽ വനാതിർത്തിയുടെ ദൂരം 26.5 കിലോമീറ്റർ ആണെന്ന് വനം വകുപ്പ് ഉദ്യോഗസ്ഥർ പറയുന്നു.

ഒരു കിലോമീറ്റർ ദൂരം ഹാങ്ങിങ് ഫെൻസിങ് നിർമിക്കാൻ 8.3 ലക്ഷം രൂപയാണ് ചെലവ് വരിക. ഇത് പ്രകാരം 1.70 കോടി ആണ് 20 കിലോമീറ്റർ ദൂരം ഹാങ്ങിങ് ഫെൻസിങ് നിർമിക്കാൻ ഫണ്ട് അനുവദിച്ചിരിക്കുന്നത്. ഇനി സാങ്കേതിക അനുമതിയും തുടർന്ന് ടെണ്ടറും ആകുന്നതോടെ നിർമാണം നടത്താനാകും. കർഷകർക്കും കർഷകരുടെ വാസ സ്ഥലങ്ങൾക്കും വന്യ മൃഗങ്ങളിൽ നിന്ന് സംരക്ഷണം നൽകുന്നതിനുള്ള പദ്ധതിയാണ് രാഷ്ട്രീയ കൃഷി വികാസ് യോജന.

കണമലയിൽ രണ്ട് കർഷകർ കഴിഞ്ഞ വർഷം കാട്ടുപോത്തുകളുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടതിനെ തുടർന്ന് സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ യുടെ അധ്യക്ഷതയിൽ മുണ്ടക്കയം പഞ്ചായത്ത്‌ ഹാളിൽ വനാതിർത്തികളിലെ ജനപ്രതിനിധികളുടെയും വനം വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരുടെയും യോഗം ചേർന്നിരുന്നു. ഈ യോഗത്തിൽ എരുമേലി വന മേഖലയിൽ 26 പോയിന്റുകളിൽ സൗര വേലികൾ പ്രവർത്തന ക്ഷമമാക്കാനും കണ്ണിമലയിൽ ഒരു കിലോമീറ്റർ ദൂരം പുതിയ സൗര വേലി നിർമിക്കാനും ഹാങ്ങിങ് ഫെൻസിങ്, ട്രഞ്ച് എന്നിവയ്ക്ക് വിവിധ സ്കീമുകളിൽ നിന്ന് ഫണ്ട് കണ്ടെത്താനും തീരുമാനിച്ചിരുന്നു. ഇതിന്റെ തുടർ നടപടികൾ സ്വീകരിച്ചതിന്റെ ഫലമായാണ് ഇപ്പോൾ ഫണ്ടും പദ്ധതികളും അനുമതിയായിരിക്കുന്നത്.


There is no ads to display, Please add some

Leave a Reply

Your email address will not be published. Required fields are marked *

You missed