സംസ്ഥാനത്ത് ഇന്ന് ചെറിയ പെരുന്നാൾ. റമസാൻ 29 പൂർത്തിയാക്കിയാണ് ഇസ്ലാം മതവിശ്വാസികൾ ഈദുൽ ഫിത്ർ ആഘോഷിക്കുന്നത്. പെരുന്നാൾ നമസ്ക്കാരത്തിനായി ഈദ്‌ഗാഹുകളും പള്ളികളും ഒരുങ്ങികഴിഞ്ഞു. തക്‌ബീർ ധ്വനികളാൽ മുഖരിതമാണ് പള്ളികൾ. എങ്ങും ചെറിയ പെരുന്നാളിന്റെ സന്തോഷവും ആഘോഷവും മാത്രം.

സ്നേഹത്തിന്റെയും സാഹോദര്യത്തിന്റെയും വലിയ സന്ദേശം നൽകുന്ന ആഘോഷം കൂടിയാണ് ഈദുൽ ഫിത്വർ എന്ന ചെറിയ പെരുന്നാൾ. ‘ഈദ്’എന്ന അറബിക് പദത്തിന് ആഘോഷം എന്നും‘ഫിത്‌ർ’ എന്ന പദത്തിന് നോമ്പു തുറക്കൽ എന്നുമാണ് അർത്ഥം. ഫിത്വർ സക്കാത്തുകൾ നൽകി തനിക്കറിയുന്ന ആരും പെരുന്നാൾ ദിനം പട്ടിണി കിടക്കുന്നില്ല എന്ന് കൂടി വിശ്വാസികൾ ഉറപ്പു വരുത്തുന്ന ദിവസം.

നന്മകളാൽ സ്‌ഫുടം ചെയ്തെടുത്ത മനസുമായാണ് വിശ്വാസികൾ ഈദ് ആഘോഷത്തിലേയ്ക്ക് കടക്കുന്നത്. പുതുവസ്ത്രങ്ങളണിഞ്ഞ് രാവിലെ നമസ്ക്കാരത്തിനെത്തും. പരസ്‌പരം ആശ്ലേഷിച്ചും സന്തോഷം പങ്കുവെച്ചുമാണ് നമസ്ക്കാരത്തിന് ശേഷം ഓരോത്തരും വീടുകളിലേയ്ക്ക് മടങ്ങുക. അവിടെ കുടുംബാംഗങ്ങളുമായി ഒത്തുചേർന്ന് ആഘോഷം. ശേഷം ബന്ധുവീടുകളിലേയ്ക്കും സുഹൃത്തുക്കളുടെ വീടുകളിലേയ്ക്കുമുള്ള സന്ദർശനം. ലഹരിയിൽ നിന്ന് വിശ്വാസിസമൂഹം മാറി നിൽക്കണമെന്ന് പുരോഹിതർ.

ആഘോഷങ്ങൾ അതിരുവിടരുതെന്നും പുരോഹിതരും പണ്ഡിതരും പ്രത്യേകം നിർദേശിക്കുന്നു. പതിവ് പോലെ പെരുന്നാൾ ദിനത്തിൽ ബൈക്കുമായി റോഡിൽ അഭ്യാസത്തിനിറങ്ങുന്ന യുവാക്കൾക്കെതിരെ കർശന നടപടിയുണ്ടാകുമെന്ന് പൊലീസ് അറിയിച്ചു.

പ്രിയ പ്രേക്ഷകർക്ക് ക്രിട്ടിക്കൽ ടൈംസ് ന്യൂസിന്റെ ഈദ് ആശംസകൾ
