തിരുവനന്തപുരം: സിഎംആര്‍എല്‍ – എക്സാലോജിക് ഇടപാടില്‍ അഴിമതി നിരോധന നിയമപ്രകാരം പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍, മുന്‍മന്ത്രി മുഹമ്മദ് റിയാസ്, ഭാര്യ ടി വീണ എന്നിവര്‍ക്കെതിരെ കേസ് എടുക്കണമെന്ന ഇഡിയുടെ കത്തില്‍ വിജിലന്‍സ് അന്വേഷണത്തിന് ധാരണ. ഇത് സംബന്ധിച്ച് മുഖ്യമന്ത്രി വിഡി സതീശനും ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയും ചര്‍ച്ച നടത്തി. ഇഡിയുടെ കത്തിന്റെ അടിസ്ഥാനത്തില്‍ കേസ് എടുക്കേണ്ടിവരുമെന്നാണ് ചര്‍ച്ചയിലെ വിലയിരുത്തല്‍. കോടികളുടെ കൈക്കൂലി ചൂണ്ടിക്കാണിക്കുന്നതിനാല്‍ വിജിലന്‍സിന് കൈമാറുന്നതാണ് ഉചിതമെന്നും വിലയിരുത്തലുണ്ട്. നേരിട്ട് കേസ് എടുക്കണമോ, പ്രാഥമിക അന്വേഷണത്തിനുശേഷം കേസ് എടുത്താല്‍ മതിയോ എന്ന കാര്യത്തില്‍ പ്രോസിക്യൂഷന്‍ ഡയറക്ടര്‍ ജനറലില്‍ നിന്ന് സര്‍ക്കാര്‍ നിയമോപദേശം തേടി. പിന്നാലെ അന്വേഷണം പ്രഖ്യാപിക്കും.

ഇഡിയുടെ അന്വേഷണത്തിനിടെ അനുബന്ധ കുറ്റകൃത്യങ്ങളില്‍ ലഭിക്കുന്ന തെളിവുകള്‍ പിഎംഎല്‍എ വകുപ്പ് 66(രണ്ട്) പ്രകാരം അതത് അന്വേഷണ ഏജന്‍സികള്‍ക്ക് കൈമാറുന്നതാണ് ചട്ടം. തുടര്‍നടപടി തീരുമാനം എടുക്കാനുള്ള പൂര്‍ണ അധികാരം കത്ത് ലഭിക്കുന്ന അന്വേഷണ ഏജന്‍സികള്‍ക്കാണ്. ഇഡി നല്‍കുന്ന വിവരങ്ങള്‍ അന്വേഷണത്തിനുള്ള പ്രാഥമിക വിവരങ്ങളായേ കണക്കാക്കൂ. കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം മുന്നോട്ടുകൊണ്ടുപോകേണ്ടത് ഏജന്‍സി സ്വന്തം നിലയില്‍ കണ്ടെത്തുന്ന തെളിവുകളുടെയും മൊഴികളുടെയും ബലത്തിലാവണം.

പിണറായി വിജയനും മുന്‍മന്ത്രി മുഹമ്മദ് റിയാസിനും മകള്‍ ടി വീണയ്ക്കുമെതിരെ അഴിമതി നിരോധന നിയമപ്രകാരം കേസ് എടുക്കണമെന്നാണ് ഇഡിയുടെ ആവശ്യം. സിഎംആര്‍എല്‍ എക്‌സാലോജിക് ഇടപാടില്‍ മുഖ്യമന്ത്രിയായിരിക്കെ പിണറായി വിജയന്‍ മകള്‍ വഴി 3.28 കോടി കൈക്കൂലി വാങ്ങിയെന്നാണ് ഇഡിയുടെ കണ്ടെത്തല്‍. വീണയുടെ ഭര്‍ത്താവായ മുന്‍മന്ത്രി പിഎ മുഹമ്മദ് റിയാസ് എംഎല്‍എ കൈക്കൂലി വാങ്ങാനും ഇത് വീണയും സുഹൃത്തുക്കളും വഴി ദുബൈയിലേക്ക് കടത്താനും നേതൃത്വം നല്‍കിയെന്ന ഗുരുതര ആരോപണവും കത്തിലുണ്ട്. സ്ഥാപനങ്ങള്‍ ഉള്‍പ്പടെ 12 പേരുടെ പട്ടികയാണ് കത്തിലുള്ളത്.

Leave a Reply

Your email address will not be published. Required fields are marked *