നെടുമ്പറമ്പിൽ ക്രെഡിറ്റ് സിൻഡിക്കറ്റ് നിക്ഷേപ തട്ടിപ്പുമായി ബന്ധപ്പെട്ട എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ അന്വേഷണത്തിൽ ആന്റോ ആന്റണി എം.പിയെ ചോദ്യം ചെയ്യും. ആന്റോ ആന്റണിക്ക് നെടുമ്പറമ്പിൽ ഫിനാൻസ് ഉടമ എൻ.എം.രാജു നൽകിയത് തട്ടിപ്പു പണമാണെന്നാണ് വിലയിരുത്തൽ. തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി 2019ൽ പലതവണയായി രണ്ടുകോടി രൂപ വായ്പ നൽകിയെന്നായിരുന്നു കഴിഞ്ഞ ദിവസം എൻ.എം രാജു ആരോപിച്ചത്.

ചോദ്യം ചെയ്യലിന് ഹാജരാകാൻ ആന്റോ ആന്റണിക്ക് ഉടൻ നോട്ടീസ് നൽകും. തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി നൽകിയ രണ്ടുകോടി രൂപ മടക്കി നൽകിയില്ലെന്നായിരുന്നു രാജുവിന്റെ ആരോപണം. പലതവണ ആവശ്യപ്പെട്ടതിനുശേഷം 20 ലക്ഷം രൂപ മാത്രമാണ് മടക്കി നൽകിയത്. രേഖയൊന്നുമില്ലാതെ വ്യക്തിബന്ധം വച്ച് പണം നൽകിയതാണെന്നും എൻ.എം.രാജു പറഞ്ഞിരുന്നു.

പണം വാങ്ങിയ കാര്യം ആന്റോ ആന്റണി സമ്മതിച്ചിരുന്നു. പ്രചാരണത്തിനായി സഹായിച്ചിട്ടുണ്ടെന്നും തിരഞ്ഞെടുപ്പ് കഴിഞ്ഞപ്പോൾ മുഴുവൻ പണവും രാജുവിന് തിരികെ നൽകി എന്നുമാണ് ആന്റോയുടെ പ്രതികരണം. കഴിഞ്ഞ ദിവസം നെടുമ്പറമ്പിൽ ക്രെഡിറ്റ് സിൻഡിക്കറ്റിൽ ഇ.ഡി. റെയ്ഡ് നടത്തിയിരുന്നു.

നെടുമ്പറമ്പിൽ ഫിനാൻസിന്റെ പൂട്ടിപ്പോയ തിരുവല്ല കെഎസ്ആർടിസി ബസ് സ്റ്റാൻഡിന് സമീപമുള്ള ഓഫിസിലും സ്ഥാപന ഉടമ എൻ.എം. രാജുവിന്റെ രാമൻചിറയിലെ വീട്ടിലുമാണ് പരിശോധന നടത്തിയത്. അതേസമയം ഇഡി അന്വേഷണം വരുമ്പോൾ നോക്കാമെന്ന് ആന്റോ ആന്റണി മറുപടി നൽകി.

