നിങ്ങള്‍ക്കും ചിലപ്പോള്‍ ലഭിച്ചുകാണും ‘ഇ-പാന്‍ കാര്‍ഡ്’ ഡൗണ്‍ലോഡ‍് ചെയ്യാം എന്ന നിര്‍ദ്ദേശത്തോടെ ഒരു ഇ-മെയില്‍. ഓണ്‍ലൈനായി ഇ-പാന്‍ കാര്‍ഡ് ഡൗണ്‍ലോഡ് ചെയ്യാനുള്ള ‘സ്റ്റെപ്-ബൈ-സ്റ്റെപ് ഗൈഡ്’ എന്നുപറഞ്ഞാണ് മെയില്‍ വരുന്നത്. എന്നാല്‍ ഈ ഇ-മെയിലിന്‍റെ വസ്‌തുത മറ്റൊന്നാണ്. വിശദമായി അറിയാം.

വസ്‌തുത വ്യക്തമാക്കി പിഐബി ഫാക്‌ട് ചെക്ക്

ഇ-പാന്‍ കാര്‍ഡ് ഡൗണ്‍ലോഡ് ചെയ്യാം എന്ന വിവരണത്തോടെ വരുന്ന ഇ-മെയില്‍ സാമ്പത്തിക തട്ടിപ്പുകള്‍ അടക്കമുള്ളവ ലക്ഷ്യമിട്ടുള്ള സൈബര്‍ ഫ്രോഡിന്‍റെ ഭാഗമാണ്. ഇ-പാന്‍ കാര്‍ഡ് ഡൗണ്‍ലോഡ് ചെയ്യാം എന്ന വിവരങ്ങളോടെ ഇ-മെയില്‍ അയച്ചിരിക്കുന്നത് ആദായ നികുതി വകുപ്പ് അല്ല. അതിനാല്‍ തന്നെ ഇത്തരം വ്യാജ ഇ-മെയിലുകളോട് പ്രതികരിക്കുമ്പോള്‍ ആളുകള്‍ ജാഗ്രത പുലര്‍ത്തണമെന്ന് പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോയുടെ ഫാക്‌ട് ചെക്ക് വിഭാഗം ആവശ്യപ്പെട്ടു. നിങ്ങളുടെ സാമ്പത്തിക, ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ ആവശ്യപ്പെടുന്ന ഒരു ഇ-മെയിലിനോടും, കോളിനോടും എസ്എംഎസിനോടും ലിങ്കിനോടും പ്രതികരിക്കാനേ പാടില്ല എന്ന കാര്യം പ്രത്യേകം ശ്രദ്ധിക്കുക.

ആദായ നികുതി വകുപ്പിന്‍റെ വിശദീകരണവും നിര്‍ദ്ദേശങ്ങളും

വ്യക്തിവിവരങ്ങള്‍ ആവശ്യപ്പെട്ടുകൊണ്ട് ഇന്‍കം ടാക്‌സ് ഡിപ്പാര്‍ട്‌മെന്‍റ് ഇ-മെയിലുകള്‍ അയക്കാറില്ല എന്നതാണ് ഒരു യാഥാര്‍ഥ്യം. അതോടൊപ്പം പിന്‍ നമ്പറുകളും, പാസ്‌വേഡുകളും ക്രഡിറ്റ് കാര്‍ഡ് അല്ലെങ്കില്‍ മറ്റ് സാമ്പത്തിക അക്കൗണ്ടുകളുടെ ആക്സസ് വിവരങ്ങളും ആവശ്യപ്പെട്ടുകൊണ്ടും ആദായ നികുതി വകുപ്പ് ഇ-മെയില്‍ വഴി പൗരന്‍മാരെ സമീപിക്കാറില്ല. അതിനാല്‍ ഇന്‍കം ടാക്സ് ഡിപ്പാര്‍ട്‌മെന്‍റില്‍ നിന്നെന്ന അവകാശവാദത്തോടെ എത്തുന്ന ഇ-മെയിലുകളോട് പ്രതികരിക്കാന്‍ പാടില്ല എന്ന് ആദായ നികുതി വകുപ്പ് തന്നെ അറിയിച്ചിട്ടുണ്ട്.

ഇത്തരം ഇ-മെയില്‍ സന്ദേശങ്ങള്‍ക്കൊപ്പം വരുന്ന സംശയാസ്‌പദമായ ലിങ്കുകളിലും ഫയലുകളിലും ഒരിക്കലും ക്ലിക്ക് ചെയ്യരുത്. ബാങ്ക് അക്കൗണ്ട്, ക്രഡിറ്റ് കാര്‍ഡ് വിവരങ്ങള്‍ എന്നിവ നല്‍കാനോ പാടില്ല. ആദായ നികുതി വകുപ്പില്‍ നിന്നെന്ന പേരില്‍ നിങ്ങള്‍ക്ക് ഏതെങ്കിലുമൊരു ഇ-മെയില്‍ സന്ദേശം ലഭിച്ചാലോ, ഇന്‍കം ടാക്‌സ് ഡിപ്പാര്‍ട്‌മെന്‍റിന്‍റേത് എന്നവകാശപ്പെടുന്ന വെബ്‌സൈറ്റ് ശ്രദ്ധയില്‍പ്പെട്ടാല്ലോ ആ ഇ-മെയിലോ, വെബ്‌സൈറ്റ് യുആര്‍എല്ലോ webmanager@incometax.gov.in എന്ന അഡ്രസിലേക്ക് മെയില്‍ ചെയ്യേണ്ടതാണ്. ncident@cert-in.org.in എന്ന മെയില്‍ ഐഡ‍ിയിലേക്കും ഇതിന്‍റെ ഒരു കോപ്പി അയക്കാം. ഇത്തരത്തില്‍ ഇ-മെയില്‍ റിപ്പോര്‍ട്ട് ചെയ്തുകഴിഞ്ഞാല്‍ സന്ദേശം ഡിലീറ്റ് ചെയ്യാവുന്നതാണ്.

Leave a Reply

Your email address will not be published. Required fields are marked *