ഫ്ലൈറ്റ് അറ്റൻഡന്റുമാരെ (എയർ ഹോസ്‌റ്റസ്) തിരഞ്ഞെടുക്കാൻ അമേരിക്കയിലെ ഡെൽറ്റ എയർലൈൻ തയാറാക്കിയ മാർഗരേഖ വൻ വിവാദത്തിൽ. വസ്ത്രധാരണം സംബന്ധിച്ചും കാഴ്ചയിൽ എങ്ങനെയാകണം എന്നതുസംബന്ധിച്ചുമുള്ള നിബന്ധനകളാണ് പരിഷ്‌കരിച്ച മാർഗരേഖയിലുള്ളത്. ‘നല്ല അടിവസ്ത്രം നിർബന്ധമായും ധരിക്കണം, അഭിമുഖത്തിന്റെ സമയത്ത് അത് പുറത്തുകാണരുത്’ എന്നതാണ് നിബന്ധകളിൽ ഒന്ന്.

‘ഡ്രസ് ഓഫ് സക്സസ്’ എന്നാണ് പുതിയ ഡ്രസ് കോഡിന് കമ്പനി നൽകുന്ന വിശേഷണം. ഫ്ളൈറ്റ് അറ്റൻഡൻ്റുമാരെ കമ്പനിയുടെ മുഖമായി ഉയർത്തിക്കാട്ടുന്നതിനാണ് രണ്ടുപേജുള്ള വിശദമായ ഡ്രസ് കോഡ് തയാറാക്കിയതെന്ന് ഡെൽറ്റ വക്‌താവ് വിശദീകരിച്ചു.

ശരീരത്തിൽ നന്നായി ഇണങ്ങുന്ന അയഞ്ഞുകിടക്കാത്ത തരത്തിലുള്ള വസ്ത്രമാണ് ധരിക്കേണ്ടത്. മുട്ടുവരെയെങ്കിലും മറയുന്ന വസ്ത്രങ്ങൾ മാത്രമേ ധരിക്കാവൂ. അത്ലറ്റിക് ഷൂസ് ഉപയോഗിക്കരുത്. ഒരു ചെവിയിൽ രണ്ട് കമ്മലുകൾ മാത്രം. അതും വിമാനങ്ങളിൽ അനുവദിക്കപ്പെട്ടിട്ടുള്ള ലോഹങ്ങളിൽ നിർമിച്ച ചെറിയ സ്‌റ്റഡുകൾ.

അടിവസ്ത്രത്തിൻ്റെ കാര്യത്തിൽ മാത്രമല്ല, പെരുമാറ്റ രീതിയിലുമുണ്ട് കർശന നിർദേശങ്ങൾ. അഭിമുഖത്തിൻ്റെ സമത്ത് സഭ്യമല്ലാത്ത വാക്കുകൾ പറയരുത്, ച്യൂയിങ് ഗം ചവയ്ക്കരുത്, സെൽഫോണുകളോ ഇയർ ബഡുകളോ ഉപയോഗിക്കരുത് എന്നിങ്ങനെ പോകുന്നു മാർഗരേഖ.

ഇനി തിരഞ്ഞെടുക്കപ്പെട്ടാലോ, നിബന്ധനകൾ വീണ്ടും കർശനമാകും. ഫ്ലൈറ്റ് അറ്റൻഡന്റുമാർക്ക് വൃത്തിയും വ്യക്തിശുചിത്വവും അങ്ങേയറ്റം നിർബന്ധമാണ്. പ്രത്യേകിച്ചും മുടി, നഖങ്ങൾ എന്നിവയ്ക്ക്. മുടിക്ക് സ്വാഭാവിക നിറം മാത്രമേ പാടുള്ളു. തുറിച്ചുനിൽക്കുന്ന ഹൈലൈറ്റുകൾ ഉപയോഗിക്കരുത്. തോളിന് താഴേക്ക് മുടി വളർന്നാൽ പോണിടെയിൽ, ബൺ തുടങ്ങിയ സ്റ്റൈലുകൾ സ്വീകരിക്കണം.

നഖം എപ്പോഴും വെട്ടി വൃത്തിയാക്കി വയ്ക്കണം. ബ്രൈറ്റ് ആയതോ പല നിറങ്ങളിലുള്ളതോ ആയ നെയിൽപോളിഷ് ഉപയോഗിക്കരുത്. നെയിൽ ആർട്ടും പാടില്ല. ശരീരത്തിൽ ടാറ്റൂകളുണ്ടെങ്കിൽ പുറത്തുകാട്ടരുത്. മുഖത്ത് തുളകളിട്ടുള്ള തമാശകൾ വേണ്ട. നിർബന്ധമെങ്കിൽ ഒരു ചെറിയ മൂക്കുത്തി ആകാം.

പുതിയ മാർഗരേഖയോട് യോജിക്കുന്നവരുണ്ടെങ്കിലും അടിവസ്ത്രം ഉൾപ്പെടെയുള്ള കാര്യങ്ങളിൽ നടത്തുന്ന ഇടപെടൽ വൻവിമർശനത്തിനാണ് വഴിവച്ചത്. മുൻ ഫ്ലൈറ്റ് അറ്റൻഡന്റുമാരുൾപ്പെടെ ഇത്തരം പരാമർശങ്ങൾക്കെതിരെ രംഗത്തുവന്നു. ഇതോടെയാണ് ഡെൽറ്റ ‘വിജയത്തിലേക്ക് നയിക്കുന്ന വസ്ത്രധാരണം’ എന്ന വിശദീകരവുമായി രംഗത്തുവന്നത്.

ജീവനക്കാരുടെ മതപരവും ആചാരപരവുമായ ആവശ്യങ്ങൾ നിറവേറ്റാൻ കഴിയും വിധമുള്ള വസ്ത്രധാരണം അനുവദിക്കാൻ ശ്രമിക്കുമെന്ന് ഡെൽറ്റ പറയുന്നു. എന്നാൽ അത് കമ്പനിക്ക് ബാധ്യതയാകാതെയും യാത്രക്കാരുടെയും എയർലൈനിന്റെയും സുരക്ഷയെ ബാധിക്കാതെയും മാത്രമേ നടപ്പാക്കാനാകൂ എന്നും വക്‌താവ് പറഞ്ഞു.


There is no ads to display, Please add some

Leave a Reply

Your email address will not be published. Required fields are marked *

You missed