സംസ്ഥാനത്തെ ഡ്രൈവിങ് ലൈസന്‍സ് നടപടികളില്‍ നിര്‍ണായക മാറ്റം വരുത്തി മോട്ടോര്‍ വാഹന വകുപ്പ്. ലൈറ്റ് മോട്ടോര്‍ വെഹിക്കിള്‍ (എല്‍എംവി)വിഭാഗത്തിലെ ഡ്രൈവിങ് ടെസ്റ്റിന്റെ പ്രധാന ഘടകമായ ‘എച്ച്’ ടെസ്റ്റില്‍ ഇനി മുതല്‍ റിവേഴ്‌സ് ഗിയറിലിട്ട് വാഹനം നിയന്ത്രിക്കുമ്പോള്‍ റിയര്‍വ്യൂ അഥവാ റിവേഴ്‌സ് കാമറ ഉപയോഗിക്കാന്‍ അനുമതി ലഭിക്കും. കേന്ദ്ര മോട്ടോര്‍ വാഹന നിയമത്തില്‍ വന്ന പുതിയ ഭേദഗതിയുടെ അടിസ്ഥാനത്തിലാണ് കേരളത്തിലും ഈ മാറ്റം നടപ്പിലാക്കുന്നത്.

ഡ്രൈവിങ് ടെസ്റ്റുകള്‍ കൂടുതല്‍ പ്രായോഗികവും ആധുനിക വാഹന സാങ്കേതികവിദ്യയുമായി പൊരുത്തപ്പെടുന്നതുമാക്കുന്നതിനുള്ള നടപടികളുടെ ഭാഗമായാണ് പുതിയ തീരുമാനം. നിലവില്‍ വിപണിയില്‍ ഇറങ്ങുന്ന നിരവധി വാഹനങ്ങളില്‍ റിവേഴ്‌സ് കാമറ സംവിധാനങ്ങള്‍ സ്റ്റാന്‍ഡേര്‍ഡായി ഉള്‍പ്പെടുത്തിയിരിക്കുന്ന സാഹചര്യത്തിലാണ് ഇത്തരമൊരു മാറ്റം.

ഇതുവരെ ഡ്രൈവിങ് ടെസ്റ്റിനിടെ വാഹനത്തിന്റെ വശങ്ങളിലെയും ഉള്‍ഭാഗത്തെയും റിയര്‍വ്യൂ മിററുകള്‍ മാത്രം ഉപയോഗിച്ചായിരുന്നു വാഹനം പിന്നോട്ട് ഓടിക്കേണ്ടിയിരുന്നത്. റിയര്‍വ്യൂ കാമറയുടെ സഹായം സ്വീകരിക്കുന്നത് അനുവദിച്ചിരുന്നില്ല. ഡ്രൈവിങ് പരിശീലന രംഗത്തും ടെസ്റ്റ് നടപടികളിലും പുതിയ തീരുമാനം വലിയ മാറ്റത്തിന് വഴിവെക്കുമെന്നാണ് വിലയിരുത്തല്‍. പുതിയ നിര്‍ദേശം സംസ്ഥാനത്തെ ഡ്രൈവിങ് ടെസ്റ്റ് കേന്ദ്രങ്ങളില്‍ ഉടന്‍ പ്രാബല്യത്തില്‍ വരും.

Leave a Reply

Your email address will not be published. Required fields are marked *