നാലാം ക്ലാസ് വിദ്യാർത്ഥിനിക്ക് രണ്ടാനമ്മയുടേയും പിതാവിന്‍റെയും ക്രൂര മർദനം. ആലപ്പുഴ ആദിക്കാട്ടുകുളങ്ങരയിലാണ് സംഭവം. ആദിക്കാട്ടുകുളങ്ങര കഞ്ചുകോട് പൂവണ്ണം തടത്തിൽ അൻസറും രണ്ടാം ഭാര്യയും ചേർന്നാണ് മർദിച്ചത്. സംഭവത്തില്‍ നൂറനാട് പൊലീസ് കേസെടുത്തു.

കുട്ടി സ്കൂളിൽ എത്തിയപ്പോൾ ശരീരത്തിൽ ചുവന്ന പാടുകൾ കണ്ട അധ്യാപകർ വിവരം ചോദിച്ചപ്പോഴാണ് കാര്യങ്ങൾ പുറത്ത് വന്നത്. രണ്ടാനമ്മയും പിതാവും ചേർന്ന് മർദിക്കാറുണ്ടെന്ന് കുട്ടി അധ്യാപകരോട് പറഞ്ഞു. തുടർന്ന് അധ്യാപകർ പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു. നാലാം ക്ലാസ്സ് വിദ്യാർത്ഥിനിയാണ് കുട്ടി.

നോട്ട് ബുക്കില്‍ എഴുതിയ അനുഭവ കുറിപ്പില്‍ വേദന നിറഞ്ഞ കാര്യങ്ങളാണ് കുട്ടി എഴുതിയിരിക്കുന്നത്. രണ്ടാനമ്മ ചെറിയ കാര്യത്തിന് പോലും കുട്ടിയെ ഉപദ്രവിക്കാറുണ്ടെന്നാണ് മനസിലാവുന്നത്. അനിയനുമായി വഴക്കിട്ടപ്പോൾ അമ്മ വായയുടെ ഭാഗത്ത് അടിച്ചു, വാപ്പിയും ഉമ്മിയും എന്നോട് ക്രൂരതയാണ് കാണിക്കുന്നത്. വീട് വെച്ചിട്ട് രണ്ട് മാസം മാത്രമേ ആയുള്ളൂ. അപ്പോഴേക്കും എന്നെ പേടിപ്പിക്കുകയും വിരട്ടുകയുമാണ് എന്നെല്ലാമാണ് കുട്ടി എഴുതിയിരിക്കുന്നത്.