പോര്‍ച്ചുഗീസ് ഫുട്ബോള്‍ ഇതിഹാസവും സൗദി അറേബ്യയിലെ അല്‍ നാസര്‍ ക്ലബിന്‍റെ താരവുമായ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ഇസ്ലാം മതം സ്വീകരിച്ചോ? സിആര്‍7 ഇസ്ലാം മതം സ്വീകരിച്ചു എന്ന തരത്തില്‍ ഒരു വീഡിയോ ഫേസ്‌ബുക്കും വാട്‌സ്ആപ്പും അടക്കമുള്ള സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളില്‍ വൈറലാണ്. എന്താണ് ഇതിന്‍റെ യാഥാര്‍ഥ്യം എന്ന് പരിശോധിക്കാം.

പ്രചാരണം

‘ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ഇസ്ലാം മതം സ്വീകരിച്ചു’ എന്ന തലക്കെട്ടിലാണ് വീഡിയോ നിരവധിയാളുകള്‍ ഫേസ്‌ബുക്കില്‍ പോസ്റ്റ് ചെയ്‌തിരിക്കുന്നത്. വിവിധ വീഡിയോ ഭാഗങ്ങള്‍ എഡിറ്റ് ചെയ്‌ത് ചേര്‍ത്ത് തയ്യാറാക്കിയ ഒരു മിനുറ്റ് ദൈര്‍ഘ്യമുള്ള ക്ലിപ്പാണിത്. റോണോയോട് മുഖസാദൃശ്യമുള്ള ഒരാള്‍ ഖുർ‌ആൻ പാരായണം ചെയ്യുന്നതിന്‍റെയും പരമ്പരാഗത അറബ് വസ്ത്രങ്ങള്‍ ധരിച്ചിരിക്കുന്നതിന്‍റെയും ദൃശ്യങ്ങള്‍ വീഡിയോയില്‍ കാണാം. ഫേസ്‌ബുക്കില്‍ പലരും പങ്കുവെച്ച വീഡിയോയും അവയുടെ സ്ക്രീന്‍ഷോട്ടുകളും ചുവടെ ചേര്‍ക്കുന്നു.

വസ്‌തുതാ പരിശോധന

ചരിത്രത്തിലെ ഏറ്റവും മികച്ച ഫുട്ബോള്‍ താരങ്ങളിലൊരാളായ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ഇസ്ലാം മതം സ്വീകരിച്ചിരുന്നുവെങ്കില്‍ അത് ആഗോളതലത്തില്‍ വലിയ വാര്‍ത്തയാവുമായിരുന്നു. ക്രിസ്റ്റ്യാനോ ഇസ്ലാം വിശ്വാസം സ്വീകരിച്ചോ എന്നറിയാന്‍ ഈ പശ്ചാത്തലത്തില്‍ കീവേഡ് സെര്‍ച്ച് നടത്തി. ഈ പരിശോധനയില്‍ ലഭിച്ച വിവരങ്ങള്‍ ഇവയാണ്.

വീഡിയോയില്‍ ഖുർ‌ആൻ പാരായണം ചെയ്യുന്നതായി കാണുന്നത് ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ അപരനായി അറിയപ്പെടുന്ന ബെവാര്‍ അബ്ദുള്ളയാണ്. ഇറാഖ് വംശജനായ അബ്ദുള്ള നിലവില്‍ യുകെയിലെ ബിര്‍മിംഗ്‌ഹാമിലെ താമസക്കാരനാണ് എന്നും വിവിധ റിപ്പോര്‍ട്ടുകളില്‍ പറയുന്നു. ക്രിസ്റ്റ്യാനോയുടെ എന്ന അവകാശവാദത്തോടെ ഇപ്പോള്‍ വൈറലായിരിക്കുന്ന വീഡിയോ ബെവാര്‍ അബ്ദുള്ള 2021ല്‍ വീഡിയോ ഷെയറിംഗ് പ്ലാറ്റ്‌ഫോമായ ടിക്ടോക്കില്‍ പോസ്റ്റ് ചെയ്‌തതാണ്. ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ഇസ്ലാം മതം സ്വീകരിച്ചു എന്ന വീഡിയോ പ്രചാരണത്തിന്‍റെ വസ്‌തുത ഈ തെളിവുകളില്‍ നിന്ന് വ്യക്തമാണ്.

വസ്‌തുത

പോര്‍ച്ചുഗീസ് ഫുട്ബോള്‍ ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ഇസ്ലാം മതം സ്വീകരിച്ചു എന്ന തരത്തിലുള്ള വീഡിയോ പ്രചാരണം വ്യാജമാണ്. റോണോയോട് മുഖസാദൃശ്യമുള്ള ഒരു ഇറാഖി വംശജന്‍ ഖുർ‌ആൻ പാരായണം ചെയ്യുന്ന ദൃശ്യമാണ് തെറ്റായ തലക്കെട്ടില്‍ പലരും സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിക്കുന്നത്.


There is no ads to display, Please add some

Leave a Reply

Your email address will not be published. Required fields are marked *