പത്തനംതിട്ടയിൽ കാപ്പാ കേസ് പ്രതിക്കൊപ്പം സിപിഎമ്മിൽ ചേർന്ന യുവാവ് കഞ്ചാവുമായി പിടിയിലായ സംഭവത്തിൽ വിശദീകരണവുമായി സിപിഎം ഏരിയ സെക്രട്ടറി. യദുകൃഷ്ണൻ കഞ്ചാവ് ഉപയോഗിക്കുന്ന ആളല്ലെന്ന് എം വി സഞ്ജു. എക്സൈസിലെ ഒരു ഉദ്യോഗസ്ഥനും യുവമോർച്ച പ്രാദേശിക നേതാവും നടത്തിയ ഗൂഢാലോചനയുടെ ഭാഗമായുള്ള കേസാണിതെന്ന് സഞ്ജു പറഞ്ഞു.
യുവമോർച്ച നേതാവ് മാജിക് കണ്ണനും, എക്സൈസ് ഓഫീസർ അസീസും ആണ് ഗൂഢാലോചനക്ക് പിന്നിലെന്ന് സിപിഎം ഏരിയ സെക്രട്ടറി ആരോപിച്ചു. സിപിഐഎം പ്രവർത്തകർ ജാഗ്രതയോടെ പ്രവർത്തിക്കണമെന്ന് എംവി സഞ്ജു നിർദേശിച്ചു. മൈലാടുപാറ സ്വദേശി യദു കൃഷ്ണന്റെ പക്കൽ നിന്നും രണ്ടു ഗ്രാം കഞ്ചാവാണ് കണ്ടെത്തിയത്. കേസ് എടുത്ത എക്സൈസ് പിന്നീട് ജാമ്യത്തിൽ വിട്ടിരുന്നു.
കഴിഞ്ഞ വെള്ളിയാഴ്ചയാണ് യദു കൃഷ്ണനും കാപ്പാ കേസ് പ്രതി ശരൺ ചന്ദ്രനും അടക്കം 62 പേർ സിപിഐഎമ്മിൽ ചേർന്നത്. പത്തനംതിട്ട സിപിഐഎം ജില്ലാ സെക്രട്ടറി കെപി ഉദയഭാനുവാണ് ഇവരെ പാർട്ടിയിലേക്ക് സ്വീകരിച്ചത്. നേരത്തെ ബിജെപി പ്രവർത്തകരായിരുന്നവരാണ് സിപിഎമ്മിൽ ചേർന്നത്. ഹൈക്കോടതിയിൽ നിന്ന് ജാമ്യം നേടി പുറത്തിറങ്ങിയ ശേഷമാണ് ശരൺ ചന്ദ്രനടക്കമുള്ളവർ സിപിഐഎമ്മിൽ ചേർന്നത്.
There is no ads to display, Please add some