കാഞ്ഞിരപ്പള്ളി: ഗ്രാമപ്പഞ്ചായത്തിലെ എൽഡിഎഫ് സ്ഥാനാർഥി നിർണയത്തിൽ സിപിഐക്ക് അതൃപ്തി. നിലവിൽ ലഭിച്ച രണ്ട് സീറ്റുകൾ കൂടാതെ 20-ാം വാർഡുകൂടി വേണമെന്നാണ് സിപിഐയുടെ ആവശ്യം. എൽഡിഎഫ് സ്ഥാനാർഥിപട്ടിക ഫോട്ടോസഹിതം പ്രഖ്യാപിച്ചെങ്കിലും സിപിഐ ഇതിനെ അംഗീകരിക്കുന്നില്ല. സ്ഥാനാർഥി നിർണയം പൂർത്തിയായിട്ടില്ലെന്ന് സിപിഐ ലോക്കൽ സെക്രട്ടറി സിജോ പ്ലാത്തോട്ടം പറഞ്ഞു.

📌 വാർത്തകൾ നിങ്ങളുടെ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക👇https://chat.whatsapp.com/BwwgkXf5F2HIKEpjPt5wSp?mode=wwc
നിലവിലെ സ്ഥാനാർഥിപ്പട്ടിക സിപിഐ അംഗീകരിച്ചിട്ടില്ല. മുമ്പ് സിപിഐ മത്സരിച്ചിരുന്ന 20-ാംവാർഡ് തങ്ങൾക്ക് അവകാശപ്പെട്ടതാണെന്ന് സിജോ പറയുന്നു. നിലവിൽ 21, 23 വാർഡുകളാണ് സിപിഐക്ക് നൽകിയിട്ടുള്ളത്. എൽഡിഎഫ് പുറത്തുവിട്ട സ്ഥാനാർഥിപ്പട്ടിക പ്രകാരം 20-ാം വാർഡിൽ സിപിഎം സ്വതന്ത്രയായി ജാസ്മിൻ മാത്യുവിന്റെ പേരാണുള്ളത്. എന്നാൽ, സ്ഥാനാർഥി നിർണയം പൂർത്തിയായെന്നാണ് സിപിഎം നേതൃത്വം പറയുന്നത്.

നാല് വാർഡുകൾ ചോദിച്ച സിപിഐക്ക് രണ്ട് വാർഡുകൾ നൽകിയെന്നും സിപിഎം നേതൃത്വം പറയുന്നു. 24 വാർഡുകളിൽ യുഡിഎഫ് 23 വാർഡുകളിലും സ്ഥാനാർഥി നിർണയം പൂർത്തിയായെങ്കിലും ഔദ്യോഗിക സ്ഥാനാർഥിപ്പട്ടിക പുറത്തുവിട്ടിട്ടില്ല. എന്നാൽ, മറ്റു വാർഡുകളിൽ സ്ഥാനാർഥികൾ പ്രചാരണം ആരംഭിച്ചു.


