മുസ്ലിം വിഭാഗത്തെ ഒഴിവാക്കി പൗരത്വ ഭേദഗതി ഇളവുമായി കേന്ദ്രസര്‍ക്കാര്‍. 2024 ഡിസംബർ 31 വരെ അയൽ രാജ്യങ്ങളിൽ നിന്നും വന്ന മുസ്ലീം ഇതര വിഭാഗങ്ങൾക്ക് പൗരത്വത്തിന് അപേക്ഷിക്കാം. ഇതു സംബന്ധിച്ച് ആഭ്യന്തര മന്ത്രാലയം ഉത്തരവിറക്കി. ഇതുവരെ 2014 ഡിസംബർ 31ന് മുമ്പ് വന്നവർക്ക് ആയിരുന്നു പൗരത്വം നല്‍കിയിരുന്നത്.

പുതിയ വിജ്ഞാപനത്തിലൂടെ ഈ കാലാവധി പത്ത് വര്‍ഷം കൂടി നീട്ടി. ഇനി പൗരത്വത്തിന് അപേക്ഷിക്കുന്നവർക്ക് പാസ്പോർട്ടോ യാത്രരേഖകളോ ആവശ്യമില്ലെന്നാണ് ഉത്തരവില്‍ പറയുന്നത്.

അഫ്ഗാനിസ്ഥാന്‍, ബംഗ്ലാദേശ്, പാകിസ്ഥാന്‍ എന്നിവിടങ്ങളില്‍ നിന്നുള്ള ഹിന്ദു, സിഖ്, ബുദ്ധ, ജൈന, പാഴ്‌സി, ക്രിസ്ത്യന്‍- വിഭാഗങ്ങളില്‍പ്പെട്ടവര്‍ക്കാണ് ഇത് ബാധകം. 2019 ലാണ് ശക്തമായ എതിര്‍പ്പുകള്‍ക്കിടയിലും കേന്ദ്ര സര്‍ക്കാര്‍ പൗരത്വഭേദഗതി നിയമം കൊണ്ടുവന്നത്. മതത്തെ അടിസ്ഥാനപ്പെടുത്തി പൗരത്വം നിശ്ചയിക്കുന്നത് ഭരണഘടനാവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി രാജ്യത്ത് നിയമപോരാട്ടങ്ങള്‍ ശക്തമാണ്.

