കോഴിയും ജീവനുള്ളതല്ലേ ‘എന്റെ കോഴിക്ക് നീതി വേണം അയല്‍ക്കാരൻ കാലുകള്‍ തല്ലിയൊടിച്ച കോഴിയുമായി വൃദ്ധ പൊലീസ് സ്റ്റേഷനില്‍. അയല്‍വാസി ഉപദ്രവിച്ചതിനെ തുടർന്ന് ഇരുകാലുകളും ഒടിഞ്ഞ കോഴിയുമായാണ് സ്ത്രീ പൊലീസ് സ്റ്റേഷനിലെത്തിയത്. അയല്‍ക്കാരനെതിരെ കേസെടുക്കണമെന്നും തന്റെ കോഴിക്ക് നീതി വേണമെന്നുമായിരുന്നു ആ അമ്മയുടെ ആവശ്യം.

പൊലീസ് സ്റ്റേഷനു മുന്നില്‍ നിന്ന് പരാതി പറയുന്ന ഇവരുടെ വീഡിയോ ഇപ്പോള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലാണ്. അയല്‍ക്കാരനായ രാകേഷിനെതിരെയാണ് ഇവർ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയത്.ഗൊല്ലഗുഡെമില്‍ നിന്നുള്ള ഗംഗമ്മ എന്ന സ്ത്രീയാണ് പരാതിക്കാരിയെന്ന് റിപ്പോർട്ടുകള്‍ വ്യക്തമാക്കുന്നു. തന്റെ കോഴികളോട് വലിയ അടുപ്പമുള്ള ഗംഗമ്മയ്ക്ക് അവയുടെ കാലുകള്‍ അയല്‍ക്കാരൻ തല്ലിയൊടിച്ചത് വളരെയധികം വിഷമമുണ്ടാക്കി. തുടർന്നാണ് തനിക്കും തന്റെ കോഴിക്കും നീതി വേണമെന്ന ആവശ്യവുമായി ഇവർ പൊലീസ് സ്റ്റേഷനില്‍ എത്തിയത്.

പകല്‍ പരിസരപ്രദേശങ്ങളില്‍ അലഞ്ഞുതിരിഞ്ഞതിനുശേഷം വൈകുന്നേരം വീട്ടില്‍ തിരിച്ചെത്തുന്നതാണ് തന്റെ കോഴികളുടെ പതിവെന്ന് ഇവർ വീഡിയോയില്‍ പറയുന്നു. അത്തരത്തില്‍ അയല്‍വാസിയായ രാകേഷിന്റെ പുരയിടത്തില്‍ കയറിയ കോഴി അവിടെയുണ്ടായിരുന്ന വൈക്കോല്‍ കൂനയിലെ ധാന്യങ്ങള്‍ കൊത്തി തിന്നിരുന്നു. ഇതില്‍ പ്രകോപിതനായ രാകേഷ് കോഴിയുടെ കാലുകളൊടിക്കുകയായിരുന്നുവെന്നും ഇവർ പറയുന്നു. തനിക്ക് നഷ്ടപരിഹാരം വേണ്ടെന്നും കുറ്റക്കാരനായ രാകേഷിനെതിരെ കേസെടുത്താല്‍ മാത്രം മതിയെന്നും ഗംഗമ്മ പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *