എരുമേലി: കഠിനാധ്വാനവും നിശ്ചയദാർഢ്യവും കൊണ്ട് കാനഡ പൊലീസ് സേനയിൽ ഇടംനേടി എരുമേലി സ്വദേശി ക്രിസ്റ്റൻ ജോസ്. കാനഡയിലെ ടൊറന്റോ പൊലീസ് സർവീസിൽ പൊലീസ് ഉദ്യോഗസ്ഥനായി ക്രിസ്റ്റൻ ജോസ് ചുമതലയേറ്റു. ഓഗസ്റ്റ് 20ന് ഔദ്യോഗിക സത്യപ്രതിജ്ഞയും ‘ബാഡ്ജ് ഡേ’ ചടങ്ങും നടന്നു.

കാഞ്ഞിരപ്പള്ളി സെന്റ് ആന്റണീസ് പബ്ലിക് സ്കൂളിൽ നിന്ന് സ്കൂൾ വിദ്യാഭ്യാസവും അമൽ ജ്യോതി കോളേജ് ഓഫ് എൻജിനീയറിങ്ങിൽ നിന്ന് മെക്കാനിക്കൽ എൻജിനീയറിങ്ങും പൂർത്തിയാക്കിയ ക്രിസ്റ്റൻ പഠനത്തിലും കായികരംഗത്തും മികവ് തെളിയിച്ചിരുന്നു. കുങ്ഫുവിൽ ബ്ലാക്ക് ബെൽറ്റും നേടിയിട്ടുണ്ട്.

2018ലാണ് ഉപരിപഠനത്തിനായി ക്രിസ്റ്റൻ കാനഡയിലെത്തിയത്. ടൊറന്റോയിലെ ലാംഗ്ടൺ കോളേജിൽ നിന്ന് ‘ക്വാളിറ്റി എൻജിനീയറിങ് മാനേജ്മെന്റ്’ കോഴ്സ് പൂർത്തിയാക്കിയ ശേഷം പ്രമുഖ കനേഡിയൻ ബാങ്കായ ടി.ഡി ബാങ്കിന്റെ ടൊറന്റോ ആസ്ഥാനത്ത് ഓപ്പറേഷൻസ് കോർഡിനേറ്ററായി ജോലി ചെയ്തു.

കോർപ്പറേറ്റ് ജോലി ഉപേക്ഷിച്ച് സമൂഹത്തിന് നേരിട്ട് സേവനം ചെയ്യാനും സുരക്ഷ ഉറപ്പാക്കാനുമാണ് ക്രിസ്റ്റൻ പൊലീസ് സേനയിലേക്ക് തിരിഞ്ഞത്. 2025ൽ ആരംഭിച്ച കഠിനമായ തിരഞ്ഞെടുപ്പ് നടപടികൾ ആദ്യ ശ്രമത്തിൽ തന്നെ വിജയിച്ചു. ശാരീരികക്ഷമതാ പരീക്ഷ, നിയമപരവും അക്കാദമികവുമായ പരീക്ഷകൾ, സൈക്കോളജിക്കൽ സ്ക്രീനിങ്, പാനൽ ഇന്റർവ്യൂ എന്നിവ വിജയകരമായി പൂർത്തിയാക്കിയതിനെ തുടർന്ന് 2026 ജനുവരിയിൽ നിയമന ഉത്തരവ് ലഭിച്ചു.

ടൊറന്റോ പൊലീസ് അക്കാദമിയിലും ഒന്റാറിയോ പൊലീസ് കോളേജിലുമായിരുന്നു പരിശീലനം. പരിശീലനത്തിൽ മികച്ച പ്രകടനം കാഴ്ചവെച്ച് ‘ടോപ്പ് 25’ റാങ്കിൽ ഇടംനേടിയ ക്രിസ്റ്റൻ ജൂൺ 19ന് ഗ്രാജുവേഷൻ പൂർത്തിയാക്കി. തുടർന്ന് ടൊറന്റോ പൊലീസ് കോളേജിലെ അഡ്വാൻസ്ഡ് മെട്രോപൊളിറ്റൻ ടാക്റ്റിക്കൽ ലീഗൽ ട്രെയിനിങ്ങും വിജയകരമായി പൂർത്തിയാക്കി.

“നാലു ചുവരുകൾക്കുള്ളിലെ കോർപ്പറേറ്റ് ജോലി മടുപ്പിച്ചപ്പോഴാണ് സമൂഹത്തിന് ഉപകാരപ്രദമായി എന്തെങ്കിലും ചെയ്യണമെന്ന ചിന്ത മനസ്സിലുണ്ടായത്. അങ്ങനെയാണ് കാനഡ പൊലീസിന്റെ ഭാഗമാകാൻ തീരുമാനിച്ചത്,” ക്രിസ്റ്റൻ കേരള കൗമുദി ഓൺലൈനിനോട് പറഞ്ഞു.

കാനഡയിലെ ഏറ്റവും വലിയ മുനിസിപ്പൽ പൊലീസ് സേനയും വടക്കേ അമേരിക്കയിലെ പ്രധാന ലോ എൻഫോഴ്സ്മെന്റ് ഏജൻസികളിലൊന്നുമാണ് ടൊറന്റോ പൊലീസ് സർവീസ്. ഏകദേശം 30 ലക്ഷം ജനസംഖ്യയുള്ള നഗരത്തിന്റെ സുരക്ഷാ ചുമതലയുള്ള സേനയിലേക്ക് ആദ്യ ശ്രമത്തിൽ തന്നെ തിരഞ്ഞെടുക്കപ്പെട്ടത് എരുമേലിക്കും മലയാളി സമൂഹത്തിനും അഭിമാനനേട്ടമാണ്.

സി.എ. ജോസസ്–മോളി ജോസഫ് ദമ്പതികളുടെ മകനാണ് ക്രിസ്റ്റൻ ജോസ്. ഭാര്യ: അഷ്മി ക്രിസ്റ്റൻ.

Leave a Reply

Your email address will not be published. Required fields are marked *