ഇംഫാൽ: രാഹുൽഗാന്ധി നയിക്കുന്ന ഭാരത് ജോഡോ ന്യായ് യാത്രയ്ക്ക് പ്രൗഢോജ്വല തുടക്കം. അക്രമസംഭവങ്ങളിൽ തകർന്ന് പ്രതീക്ഷയറ്റ മണിപ്പുരിൽ നിന്നായിരുന്നു രാഹുലിന്റെ യാത്ര.

തൗബാൽ ജില്ലയിലെ സ്വകാര്യ മൈതാനത്തുനിന്ന് ആരംഭിച്ച യാത്ര, കോൺഗ്രസ് ദേശീയ അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ ഫ്ളാഗ് ഓഫ് ചെയ്തു. ബി.എസ്.പി. പുറത്താക്കിയ ഡാനിഷ് അലി എം.പിയും ഭാരത് ജോഡോ ന്യായ് യാത്ര വേദിയിൽ പങ്കെടുത്തു.

ഖോങ്ജോം വാർ മെമ്മോറിയലിലെത്തി രക്തസാക്ഷികൾക്ക് ആദരമർപ്പിച്ച ശേഷമാണ് രാഹുൽ ഗാന്ധി മൈതാനത്തെത്തിയത്. കേരളത്തിൽ നിന്നുൾപ്പെടെയുള്ള രാജ്യത്തെ നിരവധി കോൺഗ്രസ് നേതാക്കളും ഇന്ത്യ മുന്നണിയിലെ വിവിധ പാർട്ടികളിൽ നിന്നുള്ള നേതാക്കളും ഫ്ളാഗ് ഓഫ് ചടങ്ങിൽ സന്നിഹിതരായി.
നാല് ജില്ലകളിലൂടെ 104 കിലോമീറ്ററാണ് മണിപ്പുരിൽ യാത്ര. ഇതിന് ശേഷം നാഗാലാൻഡിലേക്ക് കടക്കും. ഉത്തർപ്രദേശിലാണ് യാത്ര ഏറ്റവും കൂടുതൽ ദിവസങ്ങൾ ചെലവഴിക്കുക. 15 സംസ്ഥാനങ്ങളിലെ 100 ലോക്സഭാ മണ്ഡലങ്ങളിലൂടെ 6713 കിലോമീറ്റർ പിന്നിട്ട് മാർച്ച് 20-ന് മുംബൈയിൽ യാത്ര സമാപിക്കും.
കഴിഞ്ഞ വർഷം കന്യാകുമാരിയിൽ നിന്ന് കശ്മീർ വരെ നടത്തിയ ഭാരത് ജോഡോ യാത്രയുടെ രണ്ടാം പതിപ്പാണ് ഭാരത് ജോഡോ ന്യായ് യാത്ര. 4080 കിലോമീറ്റർ ദൂരം 150 ദിവസം കൊണ്ട് പൂർണ്ണമായും കാൽനടയായാണ് രാഹുൽ ഗാന്ധി ഭാരത് ജോഡോ യാത്ര പൂർത്തിയാക്കിയത്.


