തിരുവനന്തപുരം: സ്ത്രീലക്ഷങ്ങൾ വ്രതം നോറ്റ് കാത്തിരിക്കുന്ന ആറ്റുകാൽ പൊങ്കാല നാളെ. രാവിലെ 10ന് ശുദ്ധപുണ്യാഹത്തിന് ശേഷം ചടങ്ങുകൾ ആരംഭിക്കും. പാട്ടുപുരയിൽ തോറ്റംപാട്ടുകാർ കണ്ണകീചരിതത്തിൽ പാണ്ഡ്യരാജാവിൻ്റെ വധം വിവരിക്കുന്ന ഭാഗം പാടും. രൗദ്രഭാവം പൂണ്ട ദേവിയുടെ വിജയം ഭക്തർ പൊങ്കാലയിലൂടെ ആഘോഷിക്കുന്നുവെന്നാണ് വിശ്വാസം. പാട്ടു തീരുമ്പോൾ തന്ത്രി തെക്കേടത്ത് പരമേശ്വരൻ വാസുദേവൻ ഭട്ടതിരിപ്പാട് ശ്രീകോവിലിൽ നിന്ന് ദീപം പകർന്ന് മേൽശാന്തി ഗോശാല വിഷ്ണുവാസുദേവൻ നമ്പൂതിരിക്ക് നൽകും.

10.30ന് മേൽശാന്തി ക്ഷേത്രം തിടപ്പള്ലിയിലെ പൊങ്കാല അടുപ്പിൽ തീകത്തിച്ച ശേഷം ദീപം സഹമേൽശാന്തിക്ക് കൈമാറും. പിന്നീട് വലിയ തിടപ്പളിയിലും ക്ഷേത്രത്തിന് മുൻവശത്തെ പണ്ടാര അടുപ്പിലും തീ കത്തിക്കും. തുടർന്ന് നഗരത്തിലും ക്ഷേത്രപരിസരത്തുമുള്ല പൊങ്കാല അടുപ്പുകളിൽ തീ പകരും. 2.30ന് ഉച്ചപൂജയ്ക്ക് ശേഷം നിവേദ്യം കഴിയുന്നതോടെ പൊങ്കാല പൂർത്തിയാകും.

നിവേദ്യസമയത്ത് വായുസേനയുടെ ഹെലികോപ്‌ടർ ആകാശത്ത് നിന്ന് പുഷ്പവൃഷ്ടി നടത്തും. രാത്രി 7.30ന് കുത്തിയോട്ടത്തിന് ചൂരൽകുത്തും, രാത്രി 11ന് മണക്കാട് ശാസ്താക്ഷേത്രത്തിലേക്കുള്ല ദേവിയുടെ പുറത്തെഴുന്നെള്ലത്ത് തുടങ്ങും. തൃക്കടവൂർ ശിവരാജൻ എന്ന കൊമ്പനാണ് ഭഗവതിയുടെ തിടമ്പേറ്റുന്നത്. കുത്തിയോട്ട ബാലന്മാർ എഴുന്നള്ലത്തിനെ അനുഗമിക്കും. എഴുന്നള്ലത്തിന് സായുധ പൊലീസിന്റെ അകമ്പടിയും വാദ്യമേളങ്ങളുമുണ്ടാകും.

Leave a Reply

Your email address will not be published. Required fields are marked *