കൊച്ചി: മലയാളികളുടെ ദേശീയോത്സവമായ ഓണാഘോഷത്തിന് ഇന്ന് തുടക്കമായി. ചിങ്ങമാസത്തിലാണ് സാധാരണയായി അത്തം പിറക്കാറുള്ളതെങ്കിലും, ഇത്തവണ അത്തം ആഘോഷിക്കുന്നത് കര്‍ക്കടകത്തിലാണ്. ചിങ്ങമാസത്തിലെ തിരുവോണം നക്ഷത്രത്തിലാണ് ഓണം ആഘോഷിക്കുന്നത്. ഇതിന് തൊട്ടുമുന്‍പുള്ള അത്തം നാളിലാണ് പത്തു ദിവസത്തെ ഓണാഘോഷങ്ങള്‍ക്ക് തുടക്കമാകുന്നത്.

ഇക്കൊല്ലം ഓഗസ്റ്റ് 26നാണ് തിരുവോണം (ചിങ്ങം 10). ഇതിന് തൊട്ടുമുന്‍പു വരുന്ന അത്തം കര്‍ക്കടകം 31നാണ് വരുന്നത്. അതുകൊണ്ടാണ് തൃപ്പൂണിത്തുറ അത്തച്ചമയം ഉള്‍പ്പെടെയുള്ള ആഘോഷങ്ങള്‍ കര്‍ക്കടകത്തിലായത്.

സാധാരണയായി അത്തം കഴിഞ്ഞ് പത്താം ദിവസമാണ് തിരുവോണം വരാറുള്ളതെങ്കിലും, ഇത്തവണ അത് പതിനൊന്നാം ദിവസമാണ്. ഇടയ്ക്കുള്ള ചോതി നക്ഷത്രം രണ്ട് സൂര്യോദയങ്ങളിലായി വ്യാപിച്ചു വരുന്നതാണ് ഇതിന് കാരണം. ചിങ്ങത്തില്‍ തന്നെ തിരുവോണം ആഘോഷിക്കണം എന്നതിനാല്‍, കര്‍ക്കടകത്തിലെ അത്തം മുതല്‍ ആഘോഷങ്ങള്‍ ആരംഭിക്കുകയായിരുന്നു.

മഹാബലിയെ സ്വീകരിക്കാന്‍ വീടുകളില്‍ പൂക്കളമിട്ടുതുടങ്ങുന്നത് അത്തം നാള്‍ മുതലാണ്. തുമ്പയും മുക്കുറ്റിയും കണ്ണാന്തളിയും മന്ദാരവും ശംഖുപുഷ്പവും ചെണ്ടുമല്ലിയുമൊക്കെ പൂക്കളങ്ങളില്‍ സമത്വസുന്ദരമായ മാവേലി നാടിന്റെയും കാര്‍ഷികസംസ്‌കൃതിയുടെയും ഓര്‍മ്മപുതുക്കലാണ് ഓരോ ഓണക്കാലവും.

Leave a Reply

Your email address will not be published. Required fields are marked *