യൂബര്‍ ഡ്രൈവര്‍ക്കെതിരെ പരാതിയുമായി സൈബറിടത്തെ വൈറൽ താരമായ അലിൻ ജോസ് പെരേര. തന്നെ കാറിലിട്ട് ക്രൂരമായി മര്‍ദ്ദിച്ചെന്നും കഴുത്ത് ഞെരിച്ച് കൊല്ലാൻ ശ്രമിച്ചെന്നുമാണ് അലിൻ ജോസിന്റെ പരാതി. തലനാരിഴയ്ക്കാണ് താൻ രക്ഷപ്പെട്ടത്. സിനിമ കാണാറുള്ളതുകൊണ്ട് ചെറിയ ചില ട്രിക്കുകൾ ഉപയോഗിച്ചാണ് രക്ഷപ്പെട്ടതെന്നും അലിൻ ജോസ് പറഞ്ഞു. ആശിഷ് എന്നയാൾക്ക് എതിരെ താൻ പൊലീസിൽ പരാതി നൽകിയെന്നും അലിൻ ജോസ് പെരേര ഫേസ്ബുക്ക് ലൈവിലൂടെ അറിയിച്ചു.

ഇത്രയും വർഷമായിട്ട് ഇങ്ങനെ ഒരു അനുഭവം തനിക്ക് ഉണ്ടായിട്ടില്ലെന്നാണ് അലിൻ ജോസ് പറയുന്നത്. ആശിഷിനെ രണ്ട് വര്‍ഷമായി തനിയ്ക്ക് അറിയാം. തന്റെ കുടുംബത്തിന് റീത്ത് വെയ്ക്കുമെന്ന് ആശിഷ് പറഞ്ഞതായും ഭാഗ്യത്തിനാണ് താൻ രക്ഷപ്പെട്ടതെന്നും അലിൻ ജോസ് പറ‌ഞ്ഞു. ആശിഷിനെ പോലെയുള്ളവരെ അറസ്റ്റ് ചെയ്ത് ജയിലിൽ ഇടുകയാണ് വേണ്ടത്. സാധാരണക്കാരായ ഒരുപാട് യാത്രക്കാര്‍ യൂബറിൽ കയറാറുണ്ട്. അവരുടെ ജീവന് പോലും ഇത്തരക്കാര്‍ ഭീഷണിയാണെന്നും അലിൻ ജോസ് ഫേസ്ബുക്കിൽ കുറിച്ചു. ആശിഷിന്റെ ചിത്രവും അലിൻ ജോസ് പങ്കുവെച്ചിട്ടുണ്ട്.

തിയേറ്ററിന് മുന്നിൽ നിന്ന് റിവ്യൂ പറഞ്ഞ് സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധ നേടിയ വ്യക്തിയാണ് അലിൻ ജോസ് പെരേര. ഡാൻസും പാട്ടും ഉൾപ്പെടെ എന്തും ചെയ്യാൻ മടിയില്ലാത്ത ആളായ അലിൻ ജോസ് പെരേര സിനിമയിലേക്ക് കടന്നുവരാനാണ് ലക്ഷ്യം വെക്കുന്നത്. ഇതിനായി ഷോർട്ട് ഫിലിം ഉൾപ്പടെ ചെയ്യുന്നുണ്ട്. അടുത്തിടെ രേണു സുധിക്കൊപ്പമുള്ള വെബ്സീരീസിലും അലിൻ ജോസ് പ്രത്യക്ഷപ്പെട്ടിരുന്നു. സോഷ്യൽ മീഡിയയിൽ പലപ്പോഴും വലിയ വിമര്‍ശനങ്ങളും അലിൻ ജോസ് നേരിടാറുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *