ആലപ്പുഴ: മാന്നാറിൽ 15 വർഷം മുൻപ് കാണാതായ സ്ത്രീയെ കൊന്ന് കുഴിച്ചുമൂടിയതായി സംശയം. മാന്നാറിൽനിന്ന് ദുരൂഹസാഹചര്യത്തിൽ കാണാതായ കല എന്ന യുവതിയെയാണ് കൊന്ന് കുഴിച്ചിട്ടതായി സംശയിക്കുന്നത്. ഇതിന്റെ അടിസ്ഥാനത്തിൽ കലയുടെ ഭർത്താവ് അനിലിന്റെ വീട്ടുവളപ്പിൽ പോലീസ് പരിശോധന ആരംഭിച്ചു. വീട്ടുവളപ്പിലെ സെപ്റ്റിക് ടാങ്ക് തുറന്നാണ് പരിശോധന നടത്തുന്നത്.

15 വർഷം മുൻപ് കലയെ കാണാനില്ലെന്ന് ഭർത്താവ് അനിൽ പോലീസിൽ പരാതി നൽകിയിരുന്നു. എന്നാൽ, കേസിൽ കാര്യമായ അന്വേഷണമുണ്ടായില്ല. ഇതിനിടെ അനിൽ വീണ്ടും വിവാഹിതനായി. പക്ഷേ, കലയുടെ തിരോധാനത്തിൽ വിവരങ്ങളൊന്നും ലഭിച്ചിരുന്നില്ല.

അടുത്തിടെ അമ്പലപ്പുഴ പോലീസിന് ലഭിച്ച ഒരു കത്താണ് കല തിരോധാനക്കേസിൽ വഴിത്തിരിവുണ്ടാക്കിയിരുന്നത്. തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിൽ നാലുപേരെ കസ്റ്റഡിയിലെടുത്തു. ഇതിനുപിന്നാലെയാണ് മാന്നാറിലെ വീട്ടുവളപ്പിൽ സെപ്റ്റിക് ടാങ്ക് തുറന്ന് പോലീസ് പരിശോധന ആരംഭിച്ചത്. അതേസമയം, സംഭവത്തെക്കുറിച്ച് പോലീസ് ഇതുവരെ ഔദ്യോഗികമായ വിവരങ്ങളൊന്നും പുറത്തുവിട്ടിട്ടില്ല. യുവതി കൊല്ലപ്പെട്ടോ എന്നതടക്കം ഒരുവിവരവും പോലീസ് സ്ഥിരീകരിച്ചിട്ടില്ല. കലയുടെ ഭർത്താവ് അനിൽ നിലവിൽ വിദേശത്താണെന്നാണ് വിവരം.

Leave a Reply

Your email address will not be published. Required fields are marked *