കോട്ടയം നഗരസഭയിലെ കോടികളുടെ പെൻഷൻ തട്ടിപ്പിൽ പ്രതി പിടിയിൽ. പ്രതി അഖിൽ സി വര്‍ഗീസിനെ കൊല്ലത്ത് നിന്നാണ് വിജിലന്‍സ് സംഘം പിടികൂടിയത്. രണ്ടരക്കോടിയോളം തട്ടിയ കേസിലെ പ്രതി ഒരു വർഷത്തോളമായി ഒളിവിലായിരുന്നു. വ്യാജ രേഖകൾ ഉണ്ടാക്കി പെൻഷൻ തട്ടിയെടുക്കുകയായിരുന്നുവെന്നാണ് കേസ്. ആദ്യം ക്രൈം ബ്രാഞ്ച് അന്വേഷിച്ച കേസ് പിന്നീട് വിജിലൻസിന് കൈമാറുകയായിരുന്നു.

തട്ടിപ്പ് നടത്തിയത് കണ്ടെത്തിയതിനെ തുടര്‍ന്ന് നഗരസഭയിലെ പെൻഷൻ വിഭാഗം മുൻ ക്ലാർക്ക് അഖിൽ സി വർഗീസിനെതിരെ നഗരസഭാ സെക്രട്ടറി പൊലീസിൽ പരാതി നൽകുകയായിരുന്നു. ഇയാളുടെ അമ്മയുടെ അക്കൗണ്ടിലേക്ക് ഫാമിലി പെൻഷൻ തുക മാറ്റിയായിരുന്നു തട്ടിപ്പ്. ഓരോ മാസവും 5 ലക്ഷം രൂപ വീതം മാറ്റിയാണ് തട്ടിപ്പ് നടത്തിയത്. 2020 മുതൽ 2023 വരെയാണ് തട്ടിപ്പ് നടന്നത്. വൈക്കം നഗരസഭയിലാണ് ഇപ്പോൾ അഖിൽ ജോലി ചെയ്യുന്നത്.

വാര്‍ഷിക കണക്ക് വിശകലനം ചെയ്തപ്പോൾ വലിയ അപാകത ശ്രദ്ധയിൽ പെട്ടിരുന്നു. കോട്ടയം നഗരസഭയിൽ അക്കൗണ്ട്സ് വിഭാഗത്തിൽ നിന്ന് വിരമിച്ച മുനിസിപ്പൽ ജീവനക്കാരുടെ പെൻഷൻ സ്റ്റേറ്റ്‌മെന്റ് പരിശോധിച്ചതിലാണ് അപാകത കണ്ടെത്തിയത്. പെൻഷനർ അല്ലാത്ത ശ്യാമള പി എന്ന വ്യക്തിയുടെ അക്കൗണ്ടിലേക്ക് അനധികൃതമായി പെൻഷൻ തുക ഇനത്തിൽ പണം അയച്ചതായി കണ്ടെത്തി. അഖിലിൻ്റെ അമ്മയുടെ പേരും പി ശ്യാമള എന്നാണ്. കൊല്ലം മങ്ങാട് സ്വദേശിയാണ് അഖിൽ സി വർഗീസ്.

Leave a Reply

Your email address will not be published. Required fields are marked *