ആലുവ: മരവും വൈദ്യുതി പോസ്റ്റും വീണ് 10 വയസുകാരന് ദാരുണാന്ത്യം. ചെങ്ങമനാട് ദേശം പുറയാർ ഗാന്ധിപുരം അമ്പാട്ടു വീട്ടിൽ നൗഷാദിന്റെയും ഫൗസിയയുടെയും ഇളയ മകൻ മുഹമ്മദ് ഇർഫാനാണ് മരിച്ചത്. തൊട്ടടുത്ത ​ഗ്രൗണ്ടിൽ കൂട്ടുകാരോടൊപ്പം കളിക്കാൻ സൈക്കിളിൽ പോവുകയായിരുന്നു ഇർഫാൻ. വഴിയിലെ പറമ്പിൽ ഉണ്ടായിരുന്ന മഹാ​ഗണി മരം ആ സമയം കടപുഴകി വൈദ്യുതി പോസ്റ്റിൽ പതിക്കുകയും മരവും, പോസ്റ്റും കൂടി കുട്ടിയുടെ ദേഹത്തേക്ക് വീണാണ് അപകടമുണ്ടായത്.

അപകടം കണ്ട് ഓടിയെത്തിയ നാട്ടുകാർ ​ഗ്രാമപഞ്ചായത്തം​ഗത്തിന്റെ സഹായത്തോടെ ആലുവ രാജ​ഗിരി ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ശ്രീമൂലനഗരം എടനാട് വിജ്ഞാനപീഠം പബ്ലിക് സ്കൂളിലെ അഞ്ചാം ക്ലാസ് വിദ്യാർഥിയാണ് ഇർഫാൻ. കുട്ടിയുടെ മൃതദേഹം ചൊവ്വാഴ്ച ഉച്ചയോടെ പുറയാർ ജുമാമസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കും.

സഹോദരൻ: മുഹമ്മദ് ഫർഹാൻ (ഒൻപതാം ക്ലാസ് വിദ്യാർത്ഥി, ശ്രീമൂലനഗരം എടനാട് വിജ്ഞാനപീഠം പബ്ലിക് സ്കൂൾ). കാക്കനാട് തോപ്പിൽ കളപ്പുരയ്ക്കൽ കുടുംബാംഗമാണ് മാതാവ് ഫൗസിയ.

Leave a Reply

Your email address will not be published. Required fields are marked *