മലായാള സിനിമാ പ്രേമികൾ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ബ്ലെസി-പൃഥിരാജ് ചിത്രം ആടുജീവിതത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു. നടൻ പ്രഭാസാണ് സോഷ്യൽ മീഡിയ പേജിലൂടെ പോസ്റ്റർ പങ്കുവെച്ചത്.

പൃഥ്വിരാജിൻ്റെ ഗെറ്റപ്പാണ് പോസ്റ്ററിന്റെ പ്രധാന ആകർഷണം. പ്രതീക്ഷയുടെയും അതിജീവനത്തിന്റെയും കഥ പറയാൻ കാത്തിരിക്കുന്നു എന്ന് കുറിച്ചുകൊണ്ടാണ് അദ്ദേഹം പോസ്റ്റർ പങ്കുവെച്ചത്. സംവിധായകൻ ബ്ലെസ്സിയും പോസ്റ്റർ തന്റെ ഫേസ്ബുക്ക് പേജിൽ പങ്കുവെച്ചിട്ടുണ്ട്.
ഏപ്രിൽ 10 നാണ് ചിത്രം തിയറ്ററുകളിലെത്തുന്നത്. ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ എന്നീ ഭാഷകളിലായി പ്രേക്ഷകരിലേക്കെത്തുന്ന ‘ആടുജീവിതം’ ഒട്ടേറെ അന്തർദേശീയ ഫിലിം ഫെസ്റ്റിവലുകളിൽ ചർച്ചാവിഷയമായ സിനിമയാണ്.

വിഷ്വൽ റൊമാൻസിന്റെ ബാനറിൽ എത്തുന്ന ചിത്രത്തിൽ ഹോളിവുഡ് നടൻ ജിമ്മി ജീൻ ലൂയിസ്, അമല പോൾ, കെ.ആർ ഗോകുൽ, പ്രശസ്‌ത അറബ് അഭിനേതാക്കളായ താലിബ് അൽ ബലൂഷി, റിക്കാബി എന്നിവരാണ് പ്രധാന വേഷങ്ങളിലെത്തുന്നത്.
മികവുറ്റ നിർമ്മാണ നിലവാരം, സൗന്ദര്യാത്മക ഘടകങ്ങൾ, മികച്ച കഥാഖ്യാനശൈലി, വേറിട്ട ഭാവപ്രകടനങ്ങൾ തുടങ്ങിയ വൻ പ്രത്യേകതകളോടെ എത്തുന്ന ഈ ചിത്രം അണിയറ പ്രവർത്തകരുടെ അഞ്ച് വർഷത്തോളം നീണ്ട അശ്രാന്ത പരിശ്രമത്തിന്റെ ഫലമാണ്. കേരളത്തിലെ സുഖസൗകര്യങ്ങൾ ഉപേക്ഷിച്ച് വിദേശത്ത് ജോലിക്കെത്തിയ നജീബ് എന്ന ചെറുപ്പക്കാരന്റെ ജീവിതത്തിന്റെയും സഹനത്തിന്റെയും കഥയാണ് ചിത്രം പറയുന്നത്.
