പാലക്കാട്: ഓടുന്ന ബസിൽ നിന്ന്തെറിച്ചുവീണ് വിദ്യാർത്ഥിനിക്ക് പരിക്ക്. പാലക്കാട് മണ്ണാർക്കാട് ഇന്ന് രാവിലെയാണ് സംഭവം. തെങ്കര സർക്കാർ ഹയർസെക്കൻഡറി സ്കൂളിലെ പ്ലസ്ടു വിദ്യാർഥിനി മർജാന ആശുപത്രിയിൽ ചികിത്സയിലാണ്. മർജാനയുടെ കൈയ്ക്കും കാലിനുമാണ് പരിക്കേറ്റത്. സംഭവത്തിന് ശേഷം ബസ് നിർത്താതെ പോയെന്ന് വിദ്യാർഥി ആരോപിച്ചു.
ബസ് സ്റ്റാൻഡിൽ നിന്ന് ബസിൽ കയറി സ്കൂളിന് മുന്നിൽ ഇറങ്ങാൻ ശ്രമിക്കുന്നതിനിടെയാണ് അപകടം ഉണ്ടായത്. മുന്നിലുള്ള കുട്ടികൾ ഇറങ്ങി അടുത്തതായി മർജാന ഇറങ്ങുന്നതിനു മുൻപ് ബസ് മുന്നോട്ടെടുക്കുകയായിരുന്നു.
വിദ്യാർഥിനി റോഡിലേക്ക് തെറിച്ചുവീണിട്ടും ബസ് നിർത്താതെ പോയതായി നാട്ടുകാർ പറയുന്നു. മർജാനയുടെ കൈയ്ക്കും കാലിനുമാണ് പരിക്ക്. നാട്ടുകാരാണ് കുട്ടിയെ ആശുപത്രിയിൽ എത്തിച്ചത്.