തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ യാത്രയ്ക്കായി സർക്കാർ വാടകയ്ക്കെടുത്ത ഹെലികോപ്റ്റർ തലസ്ഥാനത്തെത്തി. ഡൽഹി ആസ്ഥാനമായി പ്രവർത്തിക്കുന്ന ചിപ്സൻ ഏവിയേഷൻ കമ്പനിയുടേതാണ് ഹെലികോപ്ടർ.
മാസം 20 മണിക്കൂർ പറക്കാൻ 80 ലക്ഷം രൂപയാണ് സംസ്ഥാന സർക്കാർ വാടകയായി നൽകേണ്ടുന്നത്. അധികമായി വരുന്ന ഓരോ മണിക്കൂറിനും 90,000 രൂപ നൽകണം. പൈലറ്റ് ഉൾപ്പെടെ 11 പേർക്ക് യാത്ര ചെയ്യാം. 3 വർഷത്തേക്കാണ് കരാർ.
ഒന്നാം പിണറായി സർക്കാർ പവൻ ഹംസ് കമ്പനിയിൽ നിന്ന് 22.21 കോടി രൂപ ചെലവഴിച്ച് ഹെലികോപ്റ്റർ വാടകയ്ക്ക് എടുത്തെങ്കിലും കാര്യമായ പ്രയോജനം ഉണ്ടായിരുന്നില്ല. മാവോയിസ്റ്റ് നിരീക്ഷണം, ദുരന്തമേഖലയിലെ പ്രവര്‍ത്തനം തുടങ്ങിയ പൊലീസിന്റെ ആവശ്യത്തിനെന്നാണ് പറയാറെങ്കിലും മുഖ്യമന്ത്രിയുടെ യാത്രകള്‍ക്കായിരിക്കും പ്രധാനമായും കോപ്ടര്‍ ഉപയോഗിക്കുക.