നടി മീര നന്ദന്‍ വിവാഹിതയാകുന്നു. ശ്രീജുവാണ് വരന്‍. ഇരുവരുടെയും വിവാഹനിശ്ചയം കഴിഞ്ഞു. മീര നന്ദന്‍ തന്നെയാണ് നിശ്ചയം കഴിഞ്ഞ വിവരം സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചത്. എന്‍ഗേജ്ഡ്, ലവ് എന്നീ ഹാഷ് ടാഗുകളോടെയാണ് മീര ചിത്രങ്ങള്‍ പങ്കുവച്ചിരിക്കുന്നത്.

ചടങ്ങിന്‍റെ ഫോട്ടോഗ്രഫി നിര്‍വ്വഹിച്ച ലൈറ്റ്സ് ഓണ്‍ ക്രിയേഷന്‍സിന്‍റെ ഇന്‍സ്റ്റഗ്രാം പേജില്‍ വിവാഹത്തിലേക്ക് എത്തിയ ഇരുവരുടെയും പരിചയത്തെക്കുറിച്ച് കുറിച്ചിട്ടുണ്ട്. മാട്രിമോണിയല്‍ സൈറ്റില്‍ നിന്നാണ് ഇരുവരും പരിചയപ്പെട്ടത്. രക്ഷിതാക്കള്‍ പരസ്പരം സംസാരിച്ചതിന് ശേഷം മീരയെ കാണാനായി ശ്രീജു ലണ്ടനില്‍ നിന്ന് ദുബൈയില്‍ എത്തുകയായിരുന്നു, ഫോട്ടോഗ്രാഫി കമ്പനിയുടെ പേജില്‍ പറയുന്നു.

നടിമാരായ പേളി മാണി, സ്വാസിക, മഞ്ജു പിള്ള, ഷംന കാസിം, ശിവദ, നമിതാ പ്രമോദ്, അനുമോൾ തുടങ്ങി നിരവധി പേരാണ് മീര നന്ദന് ആശംസകളുമായെത്തിയത്.

കൊച്ചി എളമക്കര സ്വദേശിനിയായ മീര നന്ദന്‍ ലാല്‍ജോസ് ചിത്രം മുല്ലയിലൂടെ 2008 ലാണ് സിനിമാ അരങ്ങേറ്റം നടത്തിയത്. തൊട്ടടുത്ത വര്‍ഷം വാല്‍മീകി എന്ന ചിത്രത്തിലൂടെ തമിഴിലും 2011 ല്‍ ജയ് ബോലോ തെലങ്കാന എന്ന ചിത്രത്തിലൂടെ തെലുങ്കിലും 2014 ല്‍ കരോട്‍പതി എന്ന ചിത്രത്തിലൂടെ കന്നഡത്തിലും അരങ്ങേറി. പുതിയ മുഖം, എല്‍സമ്മ എന്ന ആണ്‍കുട്ടി, അപ്പോത്തിക്കരി തുടങ്ങിയവയാണ് ശ്രദ്ധേയ ചിത്രങ്ങള്‍. നിലവില്‍ ദുബൈയില്‍ നിന്നുള്ള മലയാളം റേഡിയോ സ്റ്റേഷന്‍ ഗോള്‍ഡ് 101.3 എഫ്എമ്മില്‍ ആര്‍ജെയാണ്. ഈ വര്‍ഷം പുറത്തെത്തിയ എന്നാലും എന്‍റെ അളിയാ ആണ് മീര അഭിനയിച്ച് പുറത്തെത്തിയ അവസാന ചിത്രം.

By Fazil

Leave a Reply

Your email address will not be published. Required fields are marked *